മനാമ: ഇന്ത്യൻ ക്ലബ് ബഹ്റൈൻ സംഘടിപ്പിക്കുന്ന മേയ് ക്വീൻ സൗന്ദര്യ മത്സരം 27ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബഹ്റൈനിൽ താമസിക്കുന്ന ഏതു രാജ്യക്കാർക്കും പങ്കെടുക്കാൻ കഴിയുന്ന മത്സരത്തിനൊപ്പം വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. 17നും 28നും ഇടയിൽ പ്രായമുള്ള അവിവാഹിതരായ യുവതികൾക്ക് പങ്കെടുക്കാം. മൂന്നു റൗണ്ടുകളിലായി സംഘടിപ്പിക്കുന്ന മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ചോദ്യോത്തര റൗണ്ടുമുണ്ടാകും.
അഭിരാമി, റോഷിനി എന്നിവരാണ് പരിപാടിയുടെ കൊറിയോഗ്രഫി. രജിസ്ട്രേഷൻ മേയ് 15ന് അവസാനിക്കും. ബഹ്റൈൻ, ഇന്ത്യ, ശ്രീലങ്ക, നെതർലൻഡ്സ്, റഷ്യ, ഫിലിപ്പീൻസ്, ഫ്രാൻസ്, എത്യോപ്യ തുടങ്ങിയ രാജ്യങ്ങൾ മുൻ വർഷങ്ങളിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കാഷ്വൽ-വെയർ, എത്നിക് അല്ലെങ്കിൽ നാഷണൽ കോസ്റ്റ്യൂം, പാർട്ടി-വെയർ എന്നിങ്ങനെ മൂന്ന് റൗണ്ടുകളുള്ള ഇവന്റ് മുൻ വർഷങ്ങളുടേതിന് സമാനമായിരിക്കും. ഒന്നാം റണ്ണർഅപ്പ്, രണ്ടാം റണ്ണർ അപ്പ്, മികച്ച പുഞ്ചിരി, മികച്ച ഹെയർ, മികച്ച നടത്തം, ഓഡിയൻസ് ചോയ്സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്ക് സമ്മാനങ്ങൾ നൽകും.
കൂടുതൽ വിവരങ്ങൾക്ക് 33340494, 34330835, 39427425, 39851646 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.
