
മനാമ: ബഹ്റൈൻ ഇന്റർനാഷനൽ എയർഷോയിലെ ഇന്ത്യ പവലിയൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (ട്രാൻസ്പോർട്ട് & ഹെലികോപ്റ്റേഴ്സ് ) എയർ വൈസ് മാർഷൽ എസ് ശ്രീനിവാസൻ, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കൃഷ്ണകുമാർ ഭാസ്കർള, എംബസി ഉദ്യോഗസ്ഥർ, ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്നിവയുടെ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ), ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎൽ), ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (ബിഡിഎൽ) എന്നിവയുടെ പ്രദർശനങ്ങളാണ് ഇന്ത്യൻ പവലിയനിൽ ഒരുക്കിയിട്ടുള്ളത്. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ്, അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ, ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടർ എന്നിവയാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് വിപണനം ചെയ്യുന്നത്. നൈറ്റ് വിഷൻ ഉപകരണങ്ങൾ, റഡാറുകൾ, കൗണ്ടർ ഡ്രോൺ സംവിധാനങ്ങൾ എന്നിവ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് വിപണനം ചെയ്യും. ആകാശ് എസ്എഎം, ആസ്ട്ര എയർ ടു എയർ മിസൈലുകൾ, കൗണ്ടർ മെഷർ ഡിസ്പെൻസിങ് സിസ്റ്റം, അണ്ടർ വാട്ടർ ഡിസ്പെൻസിംഗ് സിസ്റ്റം എന്നിവ ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് വിപണനം ചെയ്യുന്നു.

നവംബർ 8-ന് നടന്ന മനാമ എയർ പവർ സിമ്പോസിയത്തിൽ എവിഎം എസ് ശ്രീനിവാസൻ ഇന്ത്യയെ പ്രതിനിധീകരിച്ചു. റോയൽ ബഹ്റൈൻ എയർഫോഴ്സിന്റെ നേതൃത്വത്തിൽ നടന്ന സിമ്പോസിയത്തിൽ ‘എയർ റീഫ്യൂവലിംഗ്, ട്രാൻസ്പോർട്ടിംഗ് ആൻഡ് ബോംബിംഗ്: ആളില്ലാ സംവിധാനങ്ങളുടെയും സംയോജന ആവശ്യകതകളുടെയും വികസിക്കുന്ന പങ്ക്’ എന്ന വിഷയത്തിലും അദ്ദേഹം പ്രഭാഷണം നടത്തിയിരുന്നു.
