മനാമ: ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ്’ ഫെസ്റ്റിവൽ ആരംഭിച്ചു. ഗലേറിയ മാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പർമാർക്കറ്റ് റീജ്യനൽ ഡയറക്ടർ മുഹമ്മദ് കലീം, സീനിയർ മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ ചേർന്ന് അംബാസഡറെ സ്വീകരിച്ചു.
വിവിധ തരത്തിലുള്ള ഇന്ത്യൻ ഭക്ഷ്യ വിഭവങ്ങൾ, കാർഷിക വിഭവങ്ങൾ, ഏറ്റവും പുതിയ ഫാഷൻ വസ്ത്രങ്ങൾ, വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും അണിയാവുന്ന വസ്ത്രങ്ങൾ എന്നിവയുടെ വിപുലമായ ശേഖരമാണ് ലുലു ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയിരിക്കുന്നത്. വാണിജ്യം, രുചി (ഭക്ഷ്യ സുരക്ഷയും), സംസ്കാരം എന്നീ മൂന്ന് തലങ്ങളിലുള്ള ലുലുവിെന്റ ഇന്ത്യൻ കാഴ്ചപ്പാടിനെ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതാണ് ഫെസ്റ്റിവൽ.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള നൃത്തരൂപങ്ങൾ അവതരിപ്പിച്ചു. ലുലുവിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമിലും ആഗസ്റ്റ് 24 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ ഇന്ത്യയിൽനിന്നുള്ള വ്യത്യസ്തമായ രുചികൾ ആസ്വദിക്കാനുള്ള അവസരമുണ്ട്.
ഉപഭോക്താക്കൾക്കായി ‘ഇന്ത്യ ഉത്സവ്’ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മുഹമ്മദ് കലീം പറഞ്ഞു. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള വാണിജ്യ ബന്ധം കുടുതൽ ശക്തിപ്പെടുത്താൻ ലുലു ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.