അബുദാബി: ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ കരാർ മെയ് ഒന്നിന് പ്രാബല്യത്തിൽ വരുമെന്ന് യുഎഇ വിദേശ വ്യാപാര സഹമന്ത്രി താനി സയൂദി അറിയിച്ചു. വാണിജ്യ മേഖലയിൽ ഇരു രാജ്യങ്ങൾക്കും നേട്ടമുണ്ടാക്കാൻ കരാർ സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം യുഎഇയുമായി ഒപ്പുവെച്ച പ്രധാന കരാണിത്.

കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ്ഗോയലും യുഎഇ വ്യാപാര മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽമാരിയും ചേർന്നാണ് സമഗ്ര സാമ്പത്തിക കരാറിൽ ഒപ്പു വെച്ചത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള കരാറിന്റെ വിശദാംശങ്ങൾ ഈ വർഷം ആദ്യം ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തു വിട്ടിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപരം മെച്ചപ്പെടുത്തുകയാണ് കരാറിന്റെ ലക്ഷ്യം. അടുത്ത അഞ്ചുവർഷത്തിനിടെ 100 ബില്ല്യൺ ഡോളിൻരെ വ്യാപാരമാണ് ലക്ഷ്യമിടുന്നത്. യുഎഇയിലേക്ക് കയറ്റി അയക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറക്കാനും കരാറിൽ വ്യവസ്ഥയുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം രത്നം, ആഭരണം, തുണിത്തരങ്ങൾ, തുകൽ, പ്ലാസ്റ്റിക്, ഓട്ടോമൊബൈൽസ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള കയറ്റുമതിക്ക് പ്രയോജനം ചെയ്യുന്നതാണ് കരാർ.
