ഡല്‍ഹി: ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ വഷളാവുന്നു. കനേഡിയൻ പൗരന്മാർക്ക് വിസ അനുവദിക്കുന്നത് ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചു. ഖാലിസ്ഥാൻ അനുകൂല സിഖ് ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നതിന് തെളിവുണ്ടെന്ന കനേഡിയിന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ പരാമർശത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. പ്രവർത്തനപരമായ കാരണങ്ങളാൽ വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ഓൺലൈൻ വിസ അപേക്ഷാ കേന്ദ്രമായ ബിഎല്‍എസ് ഇന്റർനാഷണലിന്റെ അറിയിപ്പിൽ പറയുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന്റെ ഭാഗമായിട്ടോ അതോ മറ്റെന്തെങ്കിലും സാങ്കേതികപരമായ കാരണങ്ങളാലാണോ വിസ അനുവദിക്കുന്നത് നിർത്തിവെച്ചതെന്ന് വ്യക്തമല്ല.
കാനഡയിലെ വിസ അപേക്ഷാ കേന്ദ്രങ്ങൾ നടത്തുന്ന ബിഎൽഎസ് ഇന്റർനാഷണൽ തങ്ങളുടെ കനേഡിയൻ വെബ്സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട് ഒരു സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്. “ഇന്ത്യൻ എംമ്പസിയില്‍ നിന്നുള്ള പ്രധാന അറിയിപ്പ്: പ്രവർത്തനപരമായ കാരണങ്ങളാൽ, 2023 സെപ്റ്റംബർ 21 മുതൽ പ്രാബല്യത്തിൽ, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യൻ വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു.” എന്നാണ് വെബ്സൈറ്റിലെ അറിയിപ്പ്.
ഇന്ത്യക്ക് സമാനമായ നീക്കം കാനഡയും സ്വീകരിക്കുമോയെന്നതാണ് പ്രധാന ആശങ്ക. അങ്ങനെയെങ്കില്‍ കാനഡയിലേക്ക് കുടിയേറാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ വിദ്യാർത്ഥികളെയടക്കം അത് വല്ലാതെ ബാധിക്കും.