
ന്യൂഡൽഹി: പാകിസ്ഥാനിൽ നിന്നുള്ള എല്ലാത്തരം ഇറക്കുമതികളും പൂർണമായി നിരോധിച്ച് ഇന്ത്യ. പഹൽഗാം ഭീകരാക്രമത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകുന്നതിന്റെ ഭാഗമായാണ് നിരോധനം. ദേശീയ സുരക്ഷയെക്കരുതിയാണ് തീരുമാനമെന്നും പാകിസ്ഥാനിൽ നിന്ന് നേരിട്ടോ അല്ലാതെയോ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഉണ്ടെന്നുമാണ് വാണിജ്യമന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നത്. സിന്ധു നദീജല കരാർ റദ്ദാക്കുകയും പാക് പൗരന്മാർക്ക് വിസ നിരോധം ഏർപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ത്യയുടെ കടുത്ത മറ്റൊരു നീക്കംകൂടി ഉണ്ടായിരിക്കുന്നത്.
വ്യോമപാതകൾ അടയ്ക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.നിലവിൽ വളരെക്കുറച്ചുമാത്രമാണ് ഇറക്കുമതി. ഇരുരാജ്യങ്ങളും തമ്മിലുളള പ്രശ്നങ്ങളാണ് ഇറക്കുമതിയിൽ കുറവുണ്ടായത്. അതിനോടൊപ്പം ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്കുള്ള കയറ്റുമതിയും നാമമാത്രമാണ്. നേരത്തേതന്നെ മോശമായിരുന്ന വ്യാപാര ബന്ധം 2019ലെ പുൽവാമ ആക്രമത്തോടെയാണ് കൂടുതൽ വഷളായത്. പുൽവാമ ആക്രമത്തിനുശേഷം പാകിസ്ഥാനിൽ നിന്ന് ഇറക്കുമതിചെയ്യുന്ന പഴങ്ങൾ, സിമന്റ്, പെട്രോളിയം ഉൽപ്പന്നങ്ങൾ, ധാതു അയിരുകൾ എന്നിവയുടെ ഇറക്കുമതിതീരുവ 200 ശതമാനമാക്കി ഉയർത്തിയിരുന്നു.ഇരുരാജ്യങ്ങളും നേരിട്ടുള്ള ഇറക്കുമതിയിലും കയറ്റുമതിയിലും കുറവുണ്ടായെങ്കിലും ദുബായ് വഴിയുള്ള പരോക്ഷ വ്യാപാരം ഒരു കുഴപ്പവുമില്ലാതെ തുടർന്നിരുന്നു. സ്വർണാഭരണങ്ങൾ, തുണിത്തരങ്ങൾ, യന്ത്രസാമഗ്രികൾ , വീട്ടുപകരണങ്ങൾ എന്നിവയാണ് ദുബായിലുടെ എത്തുന്നതിൽ ഏറെയും. പുതിയ നിയന്ത്രണം വന്നതോടെ ദുബായ് വഴിയുള്ള ഇടപാടുകളും നിലയ്ക്കും. ഇത് പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്.
