തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേയും ദന്തല്‍ കോളേജുകളിലേയും ഹൗസ് സര്ജന്മാര്, പി.ജി. ഡിഗ്രി വിദ്യാര്‍ത്ഥികള്‍, പി.ജി. സൂപ്പര്‍ സ്പെഷ്യാലിറ്റി ഡിഗ്രി വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സ്റ്റൈപന്റ് വര്‍ധിപ്പിച്ച് ഉത്തരവിട്ടു. 2015ന് ശേഷം ഇതാദ്യമായാണ് ഇവരുടെ സ്റ്റൈപന്റ് വര്‍ധിപ്പിച്ചത്.
മെഡിക്കല്‍, ദന്തല്‍ വിഭാഗം ഹൗസ് സര്ജന്മാര്ക്ക് 5,000 രൂപ വര്‍ധിപ്പിച്ച് 25,000 രൂപയാക്കി. മെഡിക്കല്‍, ദന്തല്‍ വിഭാഗം പി.ജി. ജൂനിയര്‍ റസിഡന്റുമാര്‍ക്ക് 10,000 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒന്നാം വര്‍ഷ ജൂനിയര്‍ റസിഡന്റുമാര്‍ക്ക് 53,000 രൂപയും രണ്ടാം വര്‍ഷ ജൂനിയര്‍ റസിഡന്റുമാര്‍ക്ക് 54,000 രൂപയും മൂന്നാം വര്‍ഷ ജൂനിയര്‍ റസിഡന്റുമാര്‍ക്ക് 55,000 രൂപയും സ്റ്റൈപന്റായി ലഭിക്കുന്നതാണ്. മെഡിക്കല്‍ പി.ജി. ഡിപ്ലോമ ജൂനിയര്‍ റസിഡന്റുമാര്‍ക്കും 10,000 രൂപ വര്‍ധിപ്പിച്ചു. ഇതോടെ ഒന്നാം വര്‍ഷ പി.ജി. ഡിപ്ലോമ ജൂനിയര്‍ റസിഡന്റുമാര്‍ക്ക് 53,000 രൂപയും രണ്ടാം വര്‍ഷ പി.ജി. ഡിപ്ലോമ ജൂനിയര്‍ റസിഡന്റുമാര്‍ക്ക് 54,000 രൂപയും ലഭിക്കും.
മെഡിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി പി.ജി. ഒന്നാം വര്‍ഷ സീനിയര്‍ റെസിഡന്റുമാര്‍ക്ക് 16,000 രൂപ വര്‍ധിപ്പിച്ച് 63,000 രൂപയും രണ്ടാം വര്‍ഷ സീനിയര്‍ റെസിഡന്റുമാര്‍ക്ക് 17,000 രൂപ വര്‍ധിപ്പിച്ച് 65,000 രൂപയും മൂന്നാം വര്‍ഷ സീനിയര്‍ റെസിഡന്റുമാര്‍ക്ക് 18,000 രൂപ വര്‍ധിപ്പിച്ച് 67,000 രൂപയുമാക്കി. മെഡിക്കല്‍, ദന്തല്‍ വിഭാഗങ്ങളിലെ നോണ്‍ അക്കാഡമിക് വിഭാഗത്തില്‍ ബോണ്ട് വ്യവസ്ഥയിലുള്ള സീനിയര്‍ റസിഡന്റുമാരുടെ സ്റ്റൈപന്റ് 20,000 രൂപ വര്‍ധിപ്പിച്ച് 70,000 രൂപയുമാക്കിയിട്ടുണ്ട്. ഇതുകൂടാതെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ജോലിചെയ്യുന്ന ജൂനിയര്‍ റെസിഡന്റുമാര്‍ക്കുള്ള (എം.ബി.ബി.എസ്.) പ്രതിഫലം 35,000 രൂപയില്‍ നിന്നും 42,000 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്.