തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ രോഗിയുടെ മുറിവ് തുറന്നിട്ട് ചികിത്സിച്ച സംഭവത്തിൽ വിശദീകരണവുമായി കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) സംസ്ഥാന ഘടകം. രോഗിക്ക് മതിയായ ചികിത്സ ഉറപ്പാക്കിയെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.
2022 ഫെബ്രുവരിയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഗർഭാശയ നീക്കശസ്ത്രക്രിയ ചെയ്തത്. ശേഷം ആറ് മാസത്തിനു ശേഷമാണ് രോഗി ആദ്യം ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയത്. ഇതിനിടയിൽ അണുബാധ നീക്കം ചെയ്യാൻ ഏഴോളം ശസ്ത്രക്രിയകൾ നടത്തിയിരുന്നു. എന്നിരുന്നാലും, ഈ ശസ്ത്രക്രിയകളൊന്നും അണുബാധ പൂർണ്ണമായും നീക്കം ചെയ്യുന്നതിൽ വിജയിച്ചില്ല. വളരെ സങ്കീർണ്ണമായ അവസ്ഥയിലാണ് രോഗി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തുന്നത്.
അൾട്രാസൗണ്ട് സ്കാൻ, എംആർഐ, ബയോപ്സി മുതലായ പരിശോധനകൾ നടത്തി. മുറിവിലെ പഴുപ്പ് പരിശോധിച്ചപ്പോൾ, ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള എംഡിആർ ക്ലബ്സിയല്ല എന്ന മാരകമായ രോഗാണുവിനെ തിരിച്ചറിഞ്ഞു. സർക്കാർ മേഖലയിൽ വളരെ കുറച്ച് ചികിത്സാ ഓപ്ഷനുകൾ മാത്രമേ ഉള്ളൂ. രോഗിയുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി, ആദ്യം പഴുപ്പ് നീക്കം ചെയ്യാനും പിന്നീട് മുറിവ് തുന്നലിടാനും ശ്രമിച്ചു. പിന്നീട് വീണ്ടും അണുബാധ ഉണ്ടായതിനാൽ മുറിവ് താൽക്കാലികമായി തുറന്നിട്ടു ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും തുന്നലിട്ട് ശരിയാക്കാൻ ശ്രമിക്കുകയും ചെയ്തു. അതും പൂർണ്ണമായും വിജയിച്ചില്ലെന്ന് മാത്രമല്ല, ഒന്നര മാസത്തിന് ശേഷം ഡിസംബറിൽ വളരെ ഗുരുതരമായ അണുബാധയുമായി രോഗി മടങ്ങിയെത്തി. ചർച്ചകൾക്ക് ശേഷം മുറിവ് പൂർണ്ണമായി തുറന്നിടാനും, പതുക്കെ ഉണങ്ങി വരുന്ന രീതിയിലുള്ള ചികിത്സാരീതികൾ സ്വീകരിക്കുവാനും തീരുമാനിച്ചു. ഇതിനകം രോഗി വിവിധ കാലഘട്ടങ്ങളിലായി മെഡിക്കൽ കോളജിൽ അഡ്മിറ്റുമായിരുന്നു. അണുബാധ കാരണം പതിനൊന്നാം തവണ ശസ്ത്രക്രിയ നടത്തിയതിനു ശേഷം മുറിവ് തുറന്നിടുകയും 12 ദിവസം കിടത്തി മുറിവ് വച്ചുകെട്ടുകയും ചെയ്തു. ശേഷം വീട്ടിലേക്ക് പോകാനും വീടിനുത്തുള്ള ആശുപത്രിയിൽ മുറിവിന് പരിചരണം നേടാനും നിർദ്ദേശിച്ചു. ലഭ്യമായ ചികിത്സ രീതിയെ കുറിച്ച് രോഗിയെ വ്യക്തമായി ധരിപ്പിച്ചതാണ്. ഇത്തരത്തിൽ തെറ്റായ രീതിയിലുള്ള സന്ദേശം ഒരു ജനപ്രതിനിധിയിൽ നിന്നും ഉണ്ടായതിൽ ശക്തമായി പ്രതികരിക്കുന്നുവെന്നും കെജിഎംസിടിഎ സംസ്ഥാന ഖടകം അറിയിച്ചു.