ഹ്യുസ്റ്റൺ: ഹ്യൂസ്റ്റൺ സെൻറ് തോമസ് സിഎസ്ഐ ചർച്ചിന്റെ നിർമ്മാണോദ്ഘാടനം 2020 സെപ്റ്റംബർ 19 ന് രാവിലെ 10 മണിക്ക് റവ: തോമസ് കെ ഉമ്മൻ നിർവഹിച്ചു. 16520 ചിംനിറോക് (chimney rock) റോഡിൽ പുതുതായി വാങ്ങിയ സ്ഥലത്താണ് നിർമ്മാണം ആരംഭിക്കുന്നത്. 2021 മധ്യത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും.
450 പേരെ ഉൾകൊള്ളത്തക്ക വിധത്തിൽ എല്ലാവിധ ആധുനീക സൗകര്യങ്ങളോടും കൂടിയുമുള്ള വലിയൊരു ദേവാലയം ആണ് ഇവിടെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരിമിതമായ സ്ഥലസൗകര്യങ്ങൾ മൂലം കഴിഞ്ഞ ചില വർഷങ്ങളിൽ ഹ്യുസ്റ്റണിലേക്കു വന്ന ചിലരെങ്കിലും പഴയ ദേവാലത്തിന്റെ സ്ഥലസൗകര്യങ്ങളിലെ അപര്യാപ്തത മൂലം ഇതര സഭകളിലേക്കു പോകേണ്ടി വന്നു. ഇത്തരം പ്രശ്നങ്ങൾക്കു ഒരു ശാശ്വത പരിഹാരമായാണ് പുതിയ ദേവാലയം എന്ന് ഭാരവാഹികൾ അറിയിച്ചു.
ബ്രിട്ടീഷ് അധിനിവേശ സമയത്ത് ഉണ്ടായിരുന്ന ആംഗ്ലിക്കൻ, യുണൈറ്റഡ് ചർച്ച് ഇൻ ക്രൈസ്റ്റ്, പ്രിസ്ബിറ്റേറിയൻ, മെതഡിസ്റ്റ് എന്നീ നാല് വ്യത്യസ്ത സഭകൾ ഒന്നിച്ചു ചേർന്നു കൊണ്ട് 1947 രൂപീകൃതമായ സിഎസ്ഐ സഭ ഇന്ന് 22 ഭദ്രാസനവും, 14000 ഇടവകകളും 3.8 ദശലക്ഷം അംഗങ്ങളുള്ള ഒരു ആഗോള സഭയായി മാറി. ചെന്നൈ ആണ് ആഗോള സിഎസ്ഐ സഭയുടെ ആസ്ഥാനം. ആതുരശുശ്രൂഷാ സേവന രംഗങ്ങളിൽ പ്രാവീണ്യം നേടിയവരിൽ ചിലർ നോർത്ത് അമേരിക്കയിലേക്ക് കുടിയേറി. അവരിൽ ചിലർ അമേരിക്കയിലെ എണ്ണ ഉത്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ടെക്സാസിലെ ഹ്യൂസ്റ്റൺ നഗരത്തിലും എത്തിച്ചേർന്നു. അങ്ങനെ ഇവിടെ എത്തിച്ചേർന്ന 22 കുടുംബങ്ങൾ ഒന്നിച്ച് 1988 ൽ സിഎസ്ഐ മധ്യകേരള മഹായിടവകയുടെ അംഗീകാരത്തോടെ സെൻറ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ രൂപീകരിക്കുകയും 1991 ൽ 13630 അൽമേഡ സ്കൂൾ റോഡിൽ 200 പേർക്ക് ഒരുമിച്ചു വന്നു ആരാധിക്കത്തക്ക വിധത്തിലുള്ള ഒരു ദേവാലയം നിർമ്മിക്കുകയും ചെയ്തു. അചഞ്ചലമായ ദൈവ ആശ്രയത്തിൽ 28 വർഷം പിന്നിടുമ്പോൾ ഇന്ന് സെൻറ് തോമസ് സിഎസ്ഐ ചർച്ചിന്റെ ഭാഗമായി 132 കുടുംബങ്ങളാണുള്ളത്.