മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ ‘ഗുരുസാന്ത്വനം’ വെൽഫെയർ കമ്മിറ്റിയുടെ ഉദ്ഘാടനവും, അന്തരിച്ച സുനിൽകുമാറിന്റെ കുടുംബത്തിനുള്ള ധനസഹായ കൈമാറ്റവും നടന്നു. എസ്.എൻ.സി.എസ് സിൽവർ ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ “ഗുരുസാന്ത്വനം” – “കമ്മ്യൂണിറ്റി വെൽഫെയർ ആൻഡ് സപ്പോർട്ട് സർവീസസ്” എന്ന എസ്.എൻ.സി.എസ് സബ് കമ്മിറ്റിയുടെ ഉദ്ഘാടനം ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ നിർവഹിച്ചു.
എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹാരിസ് അയ്യരക്കത്ത് വിശിഷ്ടാതിഥിയായിരുന്നു. എസ്.എൻ.സി.എസ് സീനിയർ അംഗം കെ. ജി. ദേവരാജ് കൺവീനറായിട്ടുള്ള 20 അംഗ കമ്മിറ്റി വിപുലമായ സഹായങ്ങളാണ് സൊസൈറ്റി അംഗങ്ങൾക്കും പൊതുസമൂഹത്തിനും വാഗ്ദാനം ചെയ്യുന്നത്. സഹായം ലഭിക്കുന്നതിനായി 24 മണിക്കൂറും ബന്ധപ്പെടാവുന്ന ഹോട്ട് ലൈൻ നമ്പറും ലഭ്യമാണ്.
എസ്.എൻ.സി.എസ് ജനറൽ സെക്രട്ടറി വി. ആർ. സജീവൻ സ്വാഗതം ആശംസിച്ച പ്രസ്തുത ചടങ്ങിൽ വച്ച്, പൊതു സമൂഹത്തിൽ നിറസാന്നിധ്യമായിരുന്ന, ഈയിടെ മരണപ്പെട്ട സുനിൽകുമാറിന്റെ കുടുംബത്തിനുള്ള ധനസഹായം, എം. റ്റി. വിനോദ് കുമാറിന്, എസ്.എൻ.സി.എസ് ഭരണസമിതി അംഗങ്ങൾക്കൊപ്പം ഡോ. ബാബു രാമചന്ദ്രൻ, ഹാരിസ് അയ്യരക്കത്ത് എന്നിവർ ചേർന്ന് കൈമാറി. ധനസഹായം നൽകിയ നൂറോളം അംഗങ്ങൾക്ക് നിസ്സീമമായ നന്ദിയും അഭിനന്ദനങ്ങളും, ഭരണസമിതിയും പ്രാസംഗികരും നേർന്നു.
പുതുതായി രൂപീകരിച്ച കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ കൺവീനർ കെ. ജി. ദേവരാജ് ഹൃസ്വമായി വിരിച്ച് സംസാരിക്കുകയും എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തു. അധ്യാപകനും കൗൺസിലിംഗ് പാഠവവുമുള്ള ശ്രീമാൻ രാജീവ് ഏവൂർ അവതാരകനായ ചടങ്ങിൽ എസ്.എൻ.സി.എസ് വൈസ് ചെയർമാൻ സന്തോഷ് ബാബു നന്ദി രേഖപ്പെടുത്തി.