ന്യൂഡൽഹി: 2021-22 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ മൂലധനച്ചെലവിനായി കേന്ദ്ര ധനമന്ത്രാലയം നിശ്ചയിച്ച ലക്ഷ്യം കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങൾ കൈവരിച്ചു. പ്രോത്സാഹനമെന്ന നിലയിൽ, ഈ സംസ്ഥാനങ്ങൾക്ക് 15,721 കോടിയുടെ അധിക വായ്പയെടുക്കാൻ ധനവിനിയോഗ വകുപ്പ് അനുമതി നൽകി.
സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപന്നത്തിന്റെ (GSDP) 0.25 ശതമാനത്തിന് തുല്യമായ തുകയാണ് തുറന്ന വിപണിയിൽ നിന്ന് വായ്പയെടുക്കാൻ അനുമതി നൽകിയത്. ലഭ്യമാകുന്ന അധിക സാമ്പത്തിക സ്രോതസ്സുകൾ സംസ്ഥാനങ്ങൾക്ക് മൂലധനച്ചെലവ് കൂടുതൽ മെച്ചപ്പെടുത്താൻ സഹായികമാകും. അനുവദിച്ച അധിക വായ്പയുടെ സംസ്ഥാന അടിസ്ഥാനത്തിലുള്ള കണക്കുകൾ ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
മൂലധനച്ചെലവിന് സമ്പദ്വ്യവസ്ഥയിൽ ബഹുഗുണീകൃത ഫലങ്ങൾ ഉളവാക്കാനുള്ള ശേഷിയുണ്ട്. മൂലധനച്ചെലവ് സമ്പദ്വ്യവസ്ഥയുടെ ഭാവിയിലുള്ള ഉത്പാദന ശേഷി വർദ്ധിപ്പിക്കുകയും ഉയർന്ന സാമ്പത്തിക വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യും.
അധിക വായ്പയ്ക്ക് യോഗ്യത നേടുന്നതിനായി, 2021-22 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം അവസാനിക്കുന്നതോടെ നിശ്ചയിച്ച ലക്ഷ്യത്തിന്റെ 15 ശതമാനമെങ്കിലും സംസ്ഥാനങ്ങൾ കൈവരിക്കേണ്ടതുണ്ട്. രണ്ടാം പാദത്തിന്റെ അവസാനത്തിൽ 45 ശതമാനവും, മൂന്നാം പാദത്തിന്റെ അവസാനത്തോടെ 70 ശതമാനവും, 2022 മാർച്ച് 31-നകം 100 ശതമാനവും ലക്ഷ്യം കൈവരിക്കണം.
സംസ്ഥാനങ്ങളുടെ മൂലധന ചെലവുകളുടെ അടുത്ത അവലോകനം 2021 ഡിസംബറിൽ ധനവിനിയോഗ വകുപ്പ് നടത്തും.
