കൊളംബോ: ശ്രീലങ്കയിൽ എല്ലാ രാഷ്ട്രീയ കക്ഷികളെയും ഉൾപ്പെടുത്തി ദേശീയ സർക്കാർ രൂപീകരിച്ചു. ആദ്യഘട്ടത്തിൽ നാല് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പൂർണ മന്ത്രി സഭ രുപീകരിക്കുന്നതുവരെ ഇവർ ചുമതല വഹിക്കും. സർക്കാരിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഒഴികെ ശ്രീലങ്കയിലെ മുഴുവൻ കാബിനറ്റ് മന്ത്രിമാരും രാജിവച്ചിരുന്നു.അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴാണ് മന്ത്രിമാരുടെ കൂട്ടരാജിയാണ് രാജ്യത്ത് കണ്ടത്.
ആദ്യം രാജിവച്ചത് കായിക മന്ത്രിയും പ്രധാനമന്ത്രി രാജപക്സെയുടെ മകനുമായ നമൽ രാജപക്സെയാണ്. രാജ്യത്തെ സ്ഥിതി ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് നടപടി. പിന്നാലെ എല്ലാ മന്ത്രിമാരും രാജിവയ്ക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ദിനേഷ് ഗുണവർദ്ധനയുടെ പ്രഖ്യാപനം.കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിലെമ്പാടും രാജപക്സെ സര്‍ക്കാരിനെതിരേ വന്‍പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ശ്രീലങ്കയില്‍ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കർഫ്യൂ ലംഘിച്ച പ്രതിഷേധക്കാർക്കെതിരേ പൊലീസ് നടപടികളും അരങ്ങേറി.