റിയാദ്: പ്രത്യേക പരിചരണം ആവശ്യമുള്ളവർക്ക് കോവിഡ് വാക്സിന്റെ മൂന്നാമത്തെ ഡോസ് നൽകിത്തുടങ്ങിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 4,15,72,744 ഡോസ് വാക്സിൻ രാജ്യത്ത് വിതരണം ചെയ്തു. ഇതിൽ 2,32,50,980 ആദ്യ ഡോസും 1,83,21,764 രണ്ടാമത്തെ ഡോസും ആയിരുന്നു. വരും ദിവസങ്ങളിൽ മൂന്നാമത്തെ ഡോസ് വാക്സിൻ കൂടുതൽ ഗ്രൂപ്പുകളിലേക്ക് വ്യാപിപ്പിക്കാൻ പരിശ്രമിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതിന്റെ ഭാഗമായി രണ്ടാം ഡോസ് എടുത്ത് എട്ട് മാസം കഴിഞ്ഞ 60 വയസിന് മുകളിലുള്ളവര്‍ക്കും മൂന്നാം ഡോസ് വാക്സിന് നല്‍കും. ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉടനുണ്ടാകും. നിലവില്‍ കിഡ്നി രോഗികള്‍ക്കും അവയവ മാറ്റം നടത്തിയവര്‍ക്കും മൂന്നാം ഡോസ് വാക്സിന് നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പേര് രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ച പ്രവിശ്യകളുടെ പട്ടിക മന്ത്രാലയം പുറത്തുവിട്ടു. 67 ശതമാനം പേര് രണ്ടാം ഡോസ് സ്വീകരിച്ച അല്‍ബാഹ പ്രവിശ്യ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. റിയാദ് 66.1, കിഴക്കന്‍ പ്രവിശ്യ 65.5, മക്ക 58.4, അസീര്‍ 56.1, ഖസീം 55.5, ജിസാന്‍ – തബൂക്ക് 53.7, ഹാഇല്‍ 51, മദീന 50.7, വടക്കന്‍ അതിര്‍ത്തി മേഖല 50.5, നജറാന്‍ – അല്‍ജൗഫ് 48.9 എന്നിങ്ങനെയാണ് മറ്റു പ്രവിശ്യകളില്‍ വാക്സിനേഷന് ശതമാന കണക്കുകള്‍.
