ദില്ലി: ഹിമാചൽ പ്രദേശിൽ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി രണ്ട് എംഎൽഎമാർ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പാർട്ടി വിട്ടു. പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റ് ഉൾപ്പെടെ രാജിവച്ച് ബിജെപിയിൽ ചേർന്നു.
കാൻഗ്ര മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയും വർക്കിംഗ് പ്രസിഡന്റുമായ പവൻ കാജൽ, സോളൻ ജില്ലയിലെ നലഗഢിൽ നിന്നുള്ള എം.എൽ.എ ലഖ്വീന്ദർ റാണ എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്. പവൻ കാജൽ പാർട്ടി വിടുന്നുവെന്ന സൂചനകൾ ലഭിച്ചതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് എ.ഐ.സി.സി വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പവൻ കാജലിനെ പുറത്താക്കിയത്. പകരം, കാംഗ്ര ജില്ലയിൽ നിന്നുള്ള മറ്റൊരു ഒബിസി നേതാവായ ചന്ദേർ കുമാറിനെ നിയമിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന നേതാക്കൾ തങ്ങളുടെ മണ്ഡലത്തിൽ സമാന്തര നേതൃത്വം പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. പാർട്ടിക്കുള്ളിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന വിമർശനം നേരത്തേ പവൻ ഉന്നയിച്ചിരുന്നു. തന്നെ നേതൃത്വം തഴയുകയാണെന്ന് ആരോപിച്ചാണ് അദ്ദേഹം ബിജെപിയിൽ ചേർന്നതെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.