തിരുവനന്തപുരം : ആൾമാറാട്ടം നടത്തി കോവിഡ് ടെസ്റ്റ് നടത്തിയെന്നു ആരോപണമുയർന്ന കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്തിനെതിരെ പോലീസ് കേസ് എടുത്തേക്കും. കെഎസ്യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ അഡ്രസിലും കെ എം അഭി എന്ന പേരിലുമാണ് അഭിജിത്ത് പരിശോധന നടത്തിയിരുന്നത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് നടപടിയെടുക്കണമെന്ന പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരിക്കും കേസെടുക്കുക.
അതേസമയം താന്‍ പരിശോധന നടത്തിയെന്നും പരിശോധനയ്ക്ക് നല്കിയ വിലാസത്തില്‍ തന്നെയാണ് താന്‍ ക്വറന്റൈന് ഇരിക്കുന്നതെന്നുമാണ് അഭിജിത്ത് മാധ്യമങ്ങളോട് വിശദീകരിച്ചത്.
എന്നാല്‍ വ്യാജ പേര് നല്‍കിയതിനെ കുറിച്ച് അഭിജിത് കൃത്യമായ വിശദീകരണം നല്‍കിയിരുന്നില്ല. അഭിജിത്തുമായി ബന്ധപ്പെട്ട ചില മാധ്യമങ്ങളോട് സെന്സേഷണലാകാതിരിക്കാനാണ് അങ്ങനെ പേര് മാറ്റിയത് എന്ന ഗുരുതരമായ പരാമർശവും അദ്ദേഹം നടത്തുകയുണ്ടായി.
കഴിഞ്ഞ ദിവസങ്ങളില്‍ കെ എം അഭിജിതിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റിന് മുന്നിലടക്കം നിരവധി സമരങ്ങള്‍ നടന്നിരുന്നു. നിരവധി പേരുമായി സമ്പര്‍ക്കത്തില്‍ അഭിജിത്ത് സമ്പര്‍ക്കത്തില്‍ വരികയും ചെയ്തിരുന്നു. എന്നിട്ടും തനിക്ക് രോഗം സ്ഥിരീകരിച്ചതായി അഭിജിത്ത് മാധ്യമങ്ങളിലൂടെയോ ഫേസ്ബുക്ക് വഴിയോ അറിയിച്ചിരുന്നില്ല. തനിക്കെതിരായി മാധ്യമങ്ങളിൽ വാർത്തവന്നതിനുശേഷമാണ് പ്രതികരണത്തിന് തയ്യാറായത്.
48 പേരെ പരിശോധിച്ചതിൽ 19 പേർക്കാണ് പോത്തൻകോട് പഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പ്ലാമൂട് വാർഡിൽ കൊവിഡ് സ്ഥീരീകരിച്ച മൂന്ന് പേരിൽ കെ എം അബി, തിരുവോണം എന്ന മേൽവിലാസത്തിൽ എത്തിയയാളെ പരിശോധനയ്ക്ക് ശേഷം കാണാതായി.
പരിശോധനാഫലം പോസ്റ്റീവ് എന്നറിഞ്ഞപ്പോൾ അഭിജിത്ത് രഹസ്യകേന്ദ്രത്തിലേക്ക് മാറുകയായിരുന്നു.
അഭിജിത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. “അടുത്ത അധികാര ഊഴം സ്വപ്നം കണ്ടിരിക്കുന്ന പാര്‍ട്ടിയുടെ യുവ നേതാവിൻറെ ഉത്തരവാദിത്തബോധത്തെ നമിക്കാതെ വയ്യെന്നു” ശാരദക്കുട്ടി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം:
വ്യാജ പേരില്‍ കോവിഡ് ടെസ്റ്റ് നടത്തുക പോസിറ്റീവാണെന്നു മറച്ചുവെക്കുക. തോളില്‍ കയ്യിട്ടും കെട്ടിപ്പിടിച്ചും ആള്‍ക്കൂട്ട സമരങ്ങളില്‍ ഇളകിയാട്ടം നടത്തുക. പ്രതിപക്ഷ പാര്‍ട്ടിയുടെ യുവ നേതാവ് 3000 ത്തോളം പേരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നു എന്ന ഈ വാര്‍ത്ത വല്ലാതെ ഭയപ്പെടുത്തുന്നു. അടുത്ത അധികാര ഊഴം സ്വപ്നം കണ്ടിരിക്കുന്ന പാര്‍ട്ടിയുടെ യുവ നേതാവാണ് . ഭരണ സംവിധാനത്തിന്റെ ഭാഗമായ പ്രതിപക്ഷ പാര്‍ട്ടിയുടെ ഉത്തരവാദിത്തബോധത്തെ നമിക്കാതെ വയ്യ.
മന:പൂര്‍വ്വം രോഗവ്യാപനം നടത്തുന്നതിലെ രാഷ്ട്രീയലക്ഷ്യം എത്ര അധമവും നീചവും നിന്ദ്യവുമാണ്. എല്ലാ ആരോഗ്യ സംവിധാനങ്ങളേയും അട്ടിമറിക്കുന്ന ഈ മനോഭാവത്തെ ഭയക്കണം. ഭരണകക്ഷിയോടുള്ള എതിര്‍പ്പും വെറുപ്പും എതിര് കക്ഷിക്കുണ്ടാകുന്നതു മനസ്സിലാക്കാം. അധികാരക്കൊതിയും മനസ്സിലാക്കാം . പക്ഷേ നിങ്ങള്‍ ഇങ്ങനെ ‘തൂറിത്തോല്‍പ്പിക്കു’ന്നത് മുഖ്യമന്ത്രിയെയോ ആരോഗ്യ മന്ത്രിയെയോ ഇടതുപക്ഷത്തെയോ അല്ല. കേരളത്തിലെ ജനതയെയാണ്. ഒരു രോഗത്തെ ഭയന്ന് മാസങ്ങളായി പൊതു ജീവിതവും തൊഴിലും വരുമാനവും വേണ്ടെന്നു വെച്ച് ഭയചകിതരായിരിക്കുന്ന ജന സമൂഹത്തെയാണ്. ഇത്ര ആത്മാഭിമാനവും അച്ചടക്കവും അന്തസ്സുമില്ലാത്ത രാഷ്ട്രീയ ശൈലി വിനാശകരമാണ്.
രാഷ്ട്രീയയുദ്ധത്തില്‍ ആശയങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ചറിയാത്തവരുടെ കയ്യില്‍ കളിക്കാനുള്ള ‘പാവ’ ജീവിതങ്ങളായി നമ്മള് മാറിപ്പോകുന്നതോര്‍ത്ത് ഒരു വോട്ടറെന്ന നിലയില്‍ ലജ്ജയും ആത്മനിന്ദയും തോന്നുന്നു. തല ഉയര്‍ത്താനാകാത്ത വിധം അപമാനിതയാകുന്നു. നിസ്സഹായതയുടെ പാരമ്യമെന്തെന്നു തിരിച്ചറിയുന്നു.