മനാമ: ബഹ്റൈന്റെ ചരിത്രത്തിലാദ്യമായി, ബഹ്റൈൻ മീഡിയ സിറ്റിയിൽ ഒരു ഇന്ത്യൻ ഗായകൻ 12 മണിക്കൂർ ലൈവ് സിംഗിംഗ് ടാസ്കുമായി സംഗീതാസ്വാദകർക്കു മുന്നിലെത്തുന്നു .
അബുദാബിയിൽ വച്ച് നടന്ന വേൾഡ് റെക്കോർഡിൽ 110 മണിക്കൂർ തുടർച്ചയായി സംഗീതം ആലപിച്ചു കൊണ്ട് ഗിന്നസ് റെക്കോർഡ് നേടിയ ഗിന്നസ് സുധീറാണ് നാളെ കേരള പിറവി ദിനത്തോടനുബന്ധിച്ചു രാവിലെ ഒൻപത് മണിമുതൽ വൈകുനേരം ഒൻപത് മണി വരെ 12 മണിക്കൂർ ദൈർഘ്യമുള്ള ലൈവ് സിംഗിംഗ് ടാസ്കുമായി വേറിട്ട പ്രകടനം കാഴ്ച്ച വയ്ക്കുന്നത്. ബി.എം.സി ഗ്ലോബൽ ലൈവിന്റെ യും, ബി.എം.സി പ്രവാസിവിഷന്റെയും ഫേസ്ബുക് യൂട്യൂബ് ചാനലുകളിലൂടെ ലോകത്തെമ്പാടുമുള്ള പ്രേക്ഷകർക്ക് ഈ പരിപാടി തത്സമയം ആസ്വദിക്കാം . വർഗീസ് കാരക്കൽ സമാപന ചടങ്ങിൽ മുഖ്യ അതിഥിയാകും. ഐമാക് ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, സിനി ആര്ടിസ്റ്റും ഹാസ്യ നടനുമായ പ്രമോദ് മാള, പിന്നണി ഗായകനായ ഓ യു ബഷീർ എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ച് സംസാരിക്കും. ഇഷിക പ്രദീപ് പരിപാടിയിൽ അവതരികയാകും.