ചെന്നെെ: വിജയ് രാഷ്ട്രീയത്തിലേക്കെന്ന് അഭ്യൂഹങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ആരാധക കൂട്ടായ്മയുടെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി തമിഴ് നടൻ വിജയ്. തന്റെ ആരാധക കൂട്ടായ്മയായ വിജയ് മക്കൾ ഇയക്കത്തിന്റെ ജില്ലാ ഭാരവാഹികളുമായി വിജയ്യുടെ ചെന്നെെയിലെ വീട്ടിലാണ് കൂടിക്കാഴ്ച നടന്നത്.234നിയോജക മണ്ഡലങ്ങളിലെയും ആരാധക കൂട്ടായ്മ ഭാരവാഹികൾ ഇന്ന് രാവിലെ തന്നെ ചെന്നെെയിൽ എത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാണ് വിജയ് യോഗത്തിൽ എത്തിയത്. വരാൻ പോകുന്ന വർഷങ്ങളിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്ന് ഓരോ ജില്ലയിലെയും ഭാരവാഹികളുമായി സംസാരിയ്ക്കുമെന്നാണ് വിവരം.
അടുത്തിടെ തമിഴ്നാട്ടിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളെ ആദരിച്ച ചടങ്ങിന് ശേഷം വിജയ് മക്കൾ ഇയക്കത്തിന്റെ ഭാരവാഹികളുമായി താരത്തിന് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ലെന്നാണ് ഔദ്യോഗികമായി യോഗത്തെ കുറിച്ച് നൽകുന്ന വിശദീകരണം. അടുത്തിടെയായി വിജയ് സിനിമയിൽ നിന്ന് ഇവേളയെടുക്കുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. 2026ലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നതെന്നാണ് വിവരം. നടൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹവും ശക്തമാണ്. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷമായിരിക്കും താരം ഇടവേളയെടുക്കുന്നത്. 2024 ദീപാവലി റിലീസ് ആയാണ് വെങ്കട്ട് പ്രഭു ചിത്രം പുറത്തിറങ്ങുക.