മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷൻ്റെ (ഐ.എൽ.എ) എംപവറിംഗ് വിമെൻ എൻ്റർപ്രണേഴ്സ് (ഇ.ഡബ്ല്യു.ഇ) സബ് കമ്മിറ്റി വനിതാ സംരംഭകത്വ പരിശീലന പരിപാടി നടത്തി. ‘സംരംഭകത്വത്തിന് ഒരു ആമുഖം- 2024’ എന്ന പേരിൽ ഐ.എൽ.എ. ആസ്ഥാനത്ത് നടന്ന പരിപാടിക്ക് സബ് കമ്മിറ്റി കോ- ഓർഡിനേറ്റർമാരായ സ്മിത ജൻസൻ, ഉഷ ആഷർ, വാണി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. നൈപുണ്യ വികസനം, സാമ്പത്തിക സാക്ഷരത, നെറ്റ് വർക്കിംഗ്, മാർഗദർശകത്വം, രാജ്യത്തെ സർക്കാർ നൽകുന്ന സഹായങ്ങൾ എന്നിവയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ബിസിനസ് ആരംഭിക്കുന്നതിനുള്ള അടിസ്ഥാന അറിവുകൾ, ബിസിനസിൽ വനിതകൾ നേരിടുന്ന വെല്ലുവിളികൾ, സംരംഭകത്വത്തിൽ തലമുറകളുടെ വിടവിനെ അതിജീവിക്കൽ, വനിതാ സംരംഭകർക്കുള്ള സർക്കാർ സഹായങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ബഹ്റൈൻ സാങ്കേതിക സർവകലാശാല ഫാക്കൽറ്റി അംഗങ്ങളായ ഡോ. നിധി മേനോൻ, ഡോ. സുർജിത് വിക്ടർ, ഡോ. സ്റ്റീഫൻ ചെല്ലക്കൻ, ഡോ. റീം അബ്ബാസ്, ഡോ. സൗഭാഗ്യലക്ഷ്മി മിശ്ര എന്നിവർ ക്ലാസെടുത്തു.
ബിസിനസ് രംഗത്തെ വനിതാ ശാക്തീകരണം ഐ.എൽ.എയുടെ ദൗത്യത്തിൻ്റെ കാതലാണെന്നും ആ ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന കാൽവെപ്പാണ് ഈ പരിപാടിയെന്നും ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച ഐ.എൽ.എ. പ്രസിഡൻ്റ് കിരൺ മാംഗ്ലെ പറഞ്ഞു.