ദില്ലി: തുർക്കി പാകിസ്ഥാന് സൈനിക സഹായം നൽകിയതിന് പിന്നാലെ ഇന്ത്യ – തുർക്കി ഭിന്നത രൂക്ഷമാവുകയാണ്. തുർക്കിയിൽ നിന്നുള്ള സാധനങ്ങളുടെ ഇറക്കുമതി നിർത്തി വ്യാപാരികളടക്കം രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ബോംബെ ഐഐടിയും കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ്. തുര്‍ക്കി സര്‍വകലാശാലകളുമായുള്ള കരാറുകൾ ഐഐടി ബോംബെ റദ്ദാക്കി. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാകിസ്താനൊപ്പം നിലകൊണ്ടതിന് പിന്നാലെയാണ് തീരുമാനം.
ദേശ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് ഐഐടി ബോംബെ അറിയിച്ചു. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസും (ടിസ്) തുർക്കിയിലെ സ്ഥാപനങ്ങളുമായുള്ള കരാറുകൾ അവസാനിപ്പിച്ചു. നേരത്തെ ജെഎന്‍യും, ജാമിയ എന്നിവയടക്കം നിരവധി സർവകലാശാലകൾ സമാനമായ നടപടി സ്വീകരിച്ചിരുന്നു. തുര്‍ക്കി പാക്കിസ്ഥാന് സൈനിക സഹായം നല്‍കിയതിന് പിന്നാലെ ഇന്ത്യന്‍ വ്യാപാരികള്‍ തുര്‍ക്കി ആപ്പിളുകളുടെ ഇറക്കുമതി പൂര്‍ണമായി നിര്‍ത്തിയിരുന്നു. ഇതിനോടകം ഇറക്കുമതി ചെയ്ത ആപ്പിളുകള്‍ പലരും കോള്‍ഡ് സ്റ്റോറേജിലേക്കുമാറ്റി. വ്യാപാരികള്‍ മാത്രമല്ല, ഉപഭോക്താക്കളും തുര്‍ക്കി ആപ്പിളുകളോട് മുഖം തിരിക്കുകയാണെന്ന് ദില്ലിയിലെ ഹോള്‍സെയില്‍ ഡീലര്‍മാര്‍ പറയുന്നു.
പാകിസ്ഥാൻ അനുകൂല നിലപാട് സ്വീകരിച്ച തുർക്കിയോടുള്ള ഇന്ത്യയുടെ പ്രതിഷേധം വിവിധ മേഖലകളിൽ ശക്തമാകുന്നു. തുർക്കിയിൽ നിന്നുള്ള ബേക്കറി, മിഠായി ഉൽപ്പന്നങ്ങൾ രാജ്യവ്യാപകമായി ബഹിഷ്കരിക്കാൻ ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ തീരുമാനിച്ചതാണ് ഇക്കൂട്ടത്തിൽ ഏറ്റവും പുതിയ വാർത്ത. ഡ്രൈ ഫ്രൂട്ട്സ്, നട്സ്, ചോക്ലേറ്റുകൾ തുടങ്ങി തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ബേക്കറി ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനാണ് ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷന്റെ തീരുമാനം. ജെല്ലുകൾ, ഫ്ലേവർ അഡിറ്റീവുകൾ, പാക്കേജിംഗ് സൊല്യൂഷനുകൾ തുടങ്ങി, തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ബേക്കറി യന്ത്രങ്ങൾ അടക്കമുള്ളവ ബഹിഷ്കരിക്കുമെന്ന് ബേക്കേഴ്സ് ഫെഡറേഷൻ അറിയിച്ചു.
