
മനാമ: ബഹ്റൈനില്‍ ദേശീയ ഡാറ്റാ ചട്ടക്കൂട് ശക്തിപ്പെടുത്താനും തൊഴില്‍ വിപണി സൂചകങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റി (ഐ.ജി.എ) ലേബര്‍ ഫോഴ്സ് സര്‍വേ (എല്‍.എഫ്.എസ്) 2026 ആരംഭിച്ചു. സര്‍വേ ജനുവരി മുതല്‍ ഡിസംബര്‍ വരെയുണ്ടാകും.
ബഹ്റൈനിലുടനീളമുള്ള 8,000ത്തിലധികം കുടുംബങ്ങളുടെ ഒരു റാന്‍ഡം സാമ്പിള്‍ ലക്ഷ്യമിട്ടാണ് സര്‍വേ. തൊഴില്‍ ഘടനയെയും തൊഴില്‍ ചെയ്യുന്നവരുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ തൊഴില്‍ വിപണിയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐ.എല്‍.ഒ) മാനദണ്ഡങ്ങളും ശുപാര്ശകളുമനുസരിച്ച് ഡാറ്റ സമാഹരിച്ച് പ്രാദേശികവും അന്തര്‍ദേശീയവുമായ താരതമ്യ പഠനം നടത്തും.
ഈ പഠനങ്ങളും സര്‍വേകളും രാജ്യത്തിന്റെ വികസനം കൂടുതല്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള വിവരസംബന്ധമായ തീരുമാനമെടുക്കല്‍, നയ വികസനം, ദേശീയ പദ്ധതികളുടെയും തന്ത്രങ്ങളുടെയും രൂപീകരണം എന്നിവയെ പിന്തുണയ്ക്കുമെന്ന് ഐ.ജി.എയുടെ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പോപ്പുലേഷന്‍ രജിസ്ട്രി ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ദുആ സുല്‍ത്താന്‍ മുഹമ്മദ് പറഞ്ഞു.
റാന്‍ഡം സര്‍വേ സാമ്പിളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട വീടുകളെ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വേകള്‍ക്കായുള്ള ഏകീകൃത ദേശീയ നമ്പറില്‍ (17878070) ലേബര്‍ ഫോഴ്സ് സര്‍വേ കോള്‍ സെന്റര്‍ വഴി ബന്ധപ്പെടുന്നതിലൂടെയാണ് സര്‍വേ ആരംഭിക്കുന്നത്. സര്‍വേ പരിചയപ്പെടുത്തുക, അതിന്റെ ലക്ഷ്യങ്ങള്‍ വിശദീകരിക്കുക, ഗാര്‍ഹിക സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം ക്രമീകരിക്കുക എന്നിവയാണ് ഈ പ്രാരംഭ ബന്ധപ്പെടലിന്റെ ലക്ഷ്യം. സര്‍വേ ചോദ്യാവലി പൂര്‍ത്തിയാക്കാന്‍ പരിശീലനം ലഭിച്ച ഫീല്‍ഡ് ഗവേഷകരുടെ നേരിട്ടുള്ള സന്ദര്‍ശനങ്ങള്‍ ഇതിനെ തുടര്‍ന്ന് നടക്കും. അവസാന ഘട്ടത്തില്‍, അന്തിമ അവലോകനങ്ങള്‍ക്കും സ്ഥിരീകരണങ്ങള്ക്കുമായി നിരവധി പ്രതികരിക്കുന്നവരെ ഫോണിലൂടെ ബന്ധപ്പെടും.
ഈ ദേശീയ പദ്ധതിയെ പിന്തുണയ്ക്കാന്‍ ഐ.ജി.എ. പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.


