മാനന്തവാടി: വയനാട്ടില്‍ രാധ എന്ന സ്ത്രീയെ കടിച്ചുകൊന്ന നരഭോജി കടുവയെ കൊല്ലുന്നതിനെ ചൊല്ലി നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം. കടുവയെ വെടിവെച്ചു കൊല്ലാതെ ദൗത്യസംഘത്തിന്റെ ബേസ് ക്യാമ്പില്‍ നിന്ന് പുറത്തുവിടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കടുവയെ വെടിവെച്ചു കൊല്ലാനുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവില്‍ അവ്യക്തത ഉണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. പിടികൂടാന്‍ സ്ഥാപിച്ച കൂട്, മയക്കുവെടി എന്നിവ കൊണ്ട് കാര്യമില്ലെങ്കില്‍ അവസാന പടിയെന്ന നിലയില്‍ മാത്രമേ വെടിവെച്ചു കൊല്ലുകയുള്ളൂ എന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മറുപടിയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കടുവയെ കൊല്ലാനാകില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചോളൂ എന്ന് നാട്ടുകാര്‍ വനംവകുപ്പിനോട് ആവശ്യപ്പെട്ടു.
കടുവയെ കൂടുവച്ചോ മയക്കുവെടിവച്ചോ പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ വെടിവച്ചുകൊല്ലാനാണ് ഉത്തരവ്. വനം മന്ത്രി എ കെ ശശീന്ദ്രന്റെ നിര്‍ദേശപ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിറക്കിയത്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമമനുസരിച്ചായിരിക്കും നടപടി. കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തിയശേഷം ആദ്യഘട്ടത്തില്‍ മയക്കുവെടിവച്ചോ കൂടുവച്ചോ പിടികൂടാന്‍ ശ്രമിക്കും. കഴിഞ്ഞില്ലെങ്കിലാണ് വെടിവച്ചുകൊല്ലാന്‍ നടപടിയെടുക്കുക. ഇത്തരത്തില്‍ കൂട്, മയക്കുവെടി എന്നിവ കൊണ്ട് കാര്യമില്ലെങ്കില്‍ അവസാന പടിയെന്ന നിലയില്‍ മാത്രമേ വെടിവെച്ചു കൊല്ലുകയുള്ളൂ എന്ന ഉത്തരവിനെ ചൊല്ലിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. കടുവയെ വെടിവെച്ചു കൊല്ലുന്നതില്‍ കുറഞ്ഞ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വന്യമൃഗങ്ങളുടെ ആക്രമണം പെരുകുമ്പോള്‍ വനംവകുപ്പ് പ്രദേശ വാസികള്‍ക്ക് വ്യക്തമായ നിര്‍ദ്ദേശമോ മുന്നറിയിപ്പോ നല്‍കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. എന്തുകൊണ്ട് കടുവയെ പിടികൂടിയില്ല എന്ന് പ്രതിഷേധക്കാരില്‍ ഒരാള്‍ ചോദിച്ചപ്പോള്‍ കടുവ തങ്ങളുടെ മുന്നില്‍ നില്ക്കുകയല്ലല്ലോ എന്ന് ഒരു ഉദ്യോഗസ്ഥ ചോദിച്ചത് വലിയ തര്‍ക്കത്തിലേക്ക് നയിച്ചു. വനംവകുപ്പ് ചീഫ് വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സക്കറിയ എന്തുകൊണ്ട് സ്ഥലത്ത് എത്തിയില്ലെന്നും നാട്ടുകാര്‍ ഉദ്യോഗസ്ഥരോട് ചോദിച്ചു.
‘കടുവയെ നേരില്‍ കണ്ടാല്‍ നിങ്ങള്‍ക്ക് കൊല്ലാനാകുമോ? അല്ലെങ്കില്‍ നിങ്ങള്‍ക്ക് കടുവയെ കണ്ടുപിടിക്കാനാകുമോ? എന്തുകൊണ്ടാണ് ബോധവല്‍ക്കരണം നടത്താത്തത്? എന്തുകൊണ്ട് ഇവിടുത്തെ പഞ്ചായത്തും മുനിസിപ്പാലിറ്റിയുമായി നിങ്ങള്‍ ബന്ധപ്പെടുന്നില്ല? കടുവയെ കൊലപ്പെടുത്താന്‍ നിങ്ങള്‍ക്ക് ലഭിച്ച ഉത്തരവില്‍ ഞങ്ങള്‍ക്ക് വ്യക്തത വേണം. ജനങ്ങളുടെ ആശങ്കകള്‍ക്ക് മറുപടി വേണം. കടുവയെ കൊല്ലാനാകില്ലെങ്കില്‍ തങ്ങളെ വെടിവെച്ച് കൊല്ലണം’- പ്രതിഷേധക്കാര്‍ പറഞ്ഞു. കടുവ കൂട്ടില്‍ കയറിയാല്‍ വെടിവെയ്ക്കാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോള്‍ തങ്ങള്‍ ചെയ്യാമെന്ന് നാട്ടുകാര്‍ പറഞ്ഞു. കടുവയെ പിടികൂടി കൊല്ലുന്നതുവരെ തങ്ങള്‍ പിന്മാറില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ രാധയുടെ മൃതദേഹം സംസ്കരിച്ചു. വീടിനു സമീപത്തെ സമുദായ ശ്മശാനത്തിലാണു മൃതദേഹം സംസ്കരിച്ചത്. 11 മണിയോടെയാണു സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെയോടെയാണു ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.
മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളില്‍ നിരോധനാജ്ഞ തുടരുകയാണ്. മാനന്തവാടി നഗരസഭാ പരിധിയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായി പുരോഗമിക്കുകയാണ്.