തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാൻ കേരളീയത്തിനു പൊടിച്ച 28 കോടി രൂപ ഉണ്ടായിരുന്നെങ്കിൽ തകഴിയിൽ ആത്മഹത്യ ചെയ്ത കെ ജി പ്രസാദിനെപ്പോലെയുള്ള എത്ര കർഷകരെ മരണമുഖത്തുനിന്ന് രക്ഷിക്കാനാകുമായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. പാവങ്ങളെ മരണത്തിന് വിട്ട് ആഘോഷം നടത്തുന്ന ക്രൂരതയുടെ പര്യായമാണ് പിണറായി സർക്കാർ. വണ്ടനാത്ത് മാസങ്ങൾക്ക് മുമ്പ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത മണ്ണുണങ്ങുത്തതിന് മുമ്പാണ് മറ്റൊരു കർഷകനും ആത്മഹത്യ ചെയ്തത്. കർഷകരെ കുരുതികൊടുക്കുന്ന നയം തിരുത്താൻ സർക്കാർ തയ്യാറാകണം. കർഷകർ ആഴമേറിയ പ്രതിസന്ധിയിലാണെന്നു സർക്കാർ തിരിച്ചറിയണം.
സാമൂഹ്യ സുരക്ഷാ പെൻഷൻ മുടങ്ങിയ അമ്മമാർ പിച്ചയെടുക്കാനും ഊട്ടിയ ചോറിന്റെ കൂലിക്കായി കുടുംബശ്രീ അംഗങ്ങൾ തെരുവിൽ സമരവുമായി ഇറങ്ങിയിട്ടും പിണറായി വിജയന്റെ കണ്ണുതുറക്കില്ല. മൂന്നു മാസമായി ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി നല്കിയിട്ട്. പതിനായിരക്കണക്കിന് കുടുംബശ്രീ പ്രവർത്തകരാണ് പ്രതിസന്ധിയിൽ. നവകേരള സദസ് സംഘടിപ്പിക്കാൻ വലിയ പ്രതിസന്ധിയിൽക്കൂടി കടന്നുപോകുന്ന സഹകരണ സംഘങ്ങളെ കുത്തിപ്പിഴിയുന്നു. സഹകരണ സംഘങ്ങൾ തകർന്നാൽ കേരളം തകരുമെന്ന് തുഗ്ലക്ക് ഭരണാധികാരികൾ എന്നു തിരിച്ചറിയുമെന്ന് സുധാകരൻ ചോദിച്ചു. സാധാരണക്കാർ ആശ്രയിക്കുന്ന സപ്ലൈക്കോയിലെ 13 നിത്യോപയോഗ സാധനങ്ങൾക്ക് വില കൂട്ടുന്നതോടെ ജനജീവിതം കൂടുതൽ ദുരിതപൂർണമാകും. സപ്ലൈക്കോയിക്ക് 1525 കോടിയാണ് നല്കാനുള്ളത്. എവിടെ നോക്കിയാലും കടവും ധൂർത്തും അഴിമതിയും മാത്രമാണുള്ളതെന്നും സുധാകരൻ ചൂണ്ടക്കാട്ടി.