മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) തേർസ്റ് -ക്വഞ്ചേഴ്സ് 2022 ടീം അതിന്റെ വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടി ആരംഭിച്ചു. ആരോഗ്യകരവും സുരക്ഷിതവുമായ വേനലിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പരിപാടിയുടെ അടിസ്ഥാന ലക്ഷ്യം. തേർസ്റ്-ക്വഞ്ചേഴ്സ് 2022 ടീം കുപ്പിവെള്ളം, പഴങ്ങൾ, ലാബാൻ, സമോസ എന്നിവ വിതരണം ചെയ്തു. 250 ഓളം തൊഴിലാളികൾക്കായി ജാനുസാനിലെ ഒരു വർക്ക്സൈറ്റിൽ വെച്ച് പരമ്പരക്ക് തുടക്കം കുറിച്ചു.
ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിലെ ലേബർ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അഹമ്മദ് ജാഫർ അൽ-ഹയ്ക്കിയും തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷണൽ സേഫ്റ്റി എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനിയും പങ്കെടുത്ത ചടങ്ങിൽ അംബാസഡർ വിതരണോദ്ഘാടനം നിർവഹിച്ചു.
ഐസിആർഎഫ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ അഡ്വ. വി കെ തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ജോയിന്റ് സെക്രട്ടറിമാരായ നിഷ രംഗരാജൻ, അനീഷ് ശ്രീധരൻ, ജോയിന്റ് ട്രഷറർ രാകേഷ് ശർമ, അംഗങ്ങളായ നാസർ മഞ്ചേരി, പങ്കജ് മാലിക്, സിറാജ്, മുരളീകൃഷ്ണൻ, ജവാദ് പാഷ, എംബസി പ്രതിനിധി സുരൻ ലാൽ, അൽ നമാൽ കോൺട്രാക്ടിംഗ് പ്രോജക്ട് മാനേജർ/കോഓർഡിനേറ്റർ നിതിൻ ജോർജ്, പ്രോജക്ട് മാനേജർ പ്രിയന്ത നാനായക്കര, കാർപെന്ററി വിഭാഗം മേധാവി ബോഗിലാൽ സുത്താർ, ബോഹ്റ കമ്മ്യൂണിറ്റി അംഗങ്ങളായ അബ്ബാസ് ധോലെറവ്ല, കുതുബ് വക്കിൽ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
ഇത് തുടർച്ചയായ ഏഴാം വർഷമാണ് ഐസിആർഎഫ് തേർസ്റ് ക്വഞ്ചേഴ്സ് ടീം വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത്. മുൻ വർഷങ്ങളിലെ പോലെ തന്നെ ബഹ്റൈനിലെ ബൊഹ്റ സമൂഹവും ഈ പരിപാടിയെ പിന്തുണയ്ക്കും.
ICRF Thirst-Quenchers 2022 ടീം ഈ പ്രതിവാര പരിപാടി അടുത്ത 8 മുതൽ 10 ആഴ്ച വരെ വിവിധ വർക്ക്സൈറ്റുകളിൽ തുടരാൻ ഉദ്ദേശിക്കുന്നു. കാരണം വേനൽക്കാലത്തെ ചൂടിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നവരാണ് നിർമാണ മേഖലയിൽ പണിയെടുക്കുന്നവർ.