മനാമ: ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ സമൂഹത്തിനായുള്ള സമർപ്പിത സേവനത്തിൻ്റെ 25-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തിന്റെ ഭാഗമായി ഈ വർഷത്തെ ഐസിആർഎഫ്- ൻ്റെ പദ്ധതികളുടെ രൂപരേഖയും മുൻകാലങ്ങളിലെ പ്രധാന നാഴികക്കല്ലുകളും ഭാരവാഹികൾ വിശദീകരിച്ചു. ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികൾക്ക് വേണ്ടിയുള്ള 25 വർഷത്തെ സേവനത്തിൻ്റെ സ്മരണയ്ക്കായി മനാമ റിജൻസി ഹോട്ടലിൽ വെച്ച് രജതജൂബിലി ലോഗോ പ്രകാശനവും നടന്നു. ലത മണികണ്ഠനാണ് ലോഗോ ഡൈസൈൻ ചെയ്തത്. ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, മണി ലക്ഷ്മണ മൂർത്തി, അരുൾദാസ് തോമസ്, പങ്കജ് നല്ലൂർ, അഡ്വക്കേറ്റ് വി കെ തോമസ്, ഭഗവാൻ അസർപോട്ട തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
1999-ൽ ആണ് ഐ.സി.ആർ.എഫ് തുടക്കം കുറിച്ചത്. ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) പ്രതിമാസം 125 ബഹ്റൈൻ ദിനാറിൽ താഴെ ശമ്പളം വാങ്ങുകയും, ബഹ്റൈനിൽ മരണമടയുകയും ചെയ്ത 66 താഴ്ന്ന തൊഴിലാളികളുടെ കുടുംബങ്ങൾക്ക് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 30,000 ദിനാർ (66 ലക്ഷം രൂപ) സമാഹരിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. ഐ സി ആർ എഫ് അതിന്റെ തുടക്കം മുതൽ ഇതേ വരെ 600-ലധികം താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് ഏകദേശം 6 കോടി ഇന്ത്യൻ രൂപയുടെ സഹായം ഈ പദ്ധതിയിൽ നിന്ന് പ്രയോജനം നേടി കൊടുത്തിട്ടുണ്ട്. വിവിധ കമ്മ്യൂണിറ്റി പരിപാടികൾക്കായി പതിനഞ്ചായിരത്തോളം ദിനാർ ചിലവഴിച്ചുവെന്നും ഇവർ അറിയിച്ചു.
25,000 -ത്തോളം ഇന്ത്യൻ തൊഴിലാളികൾക്കായി ഈ വർഷം വിവിധ പരിപാടികൾ നടത്തുമെന്നും ഇതിനെ പിന്തുണയ്ക്കാൻ താത്പര്യമുള്ളവർക്ക് icrfbahrain@gmail.com എന്ന ഇമെയിൽ വഴി ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.