
മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) തേസ്റ്റ് ക്വഞ്ചേഴ്സ് ടീമിന്റെ വാർഷിക വേനൽക്കാല ബോധവത്കരണ പരിപാടി സമാപിച്ചു. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽക്കാലത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പരിപാടിയുടെ അടിസ്ഥാന ലക്ഷ്യം. ജൂലൈ ആദ്യവാരം തുടങ്ങിയ പരിപാടി 12 ആഴ്ച നീണ്ടുനിന്നു. മറാസിയിലെ (ദിയാർ അൽ മുഹറഖ്) ഒരു വർക്ക്സൈറ്റിൽ 550-ലധികം തൊഴിലാളികൾക്ക് കുപ്പിവെള്ളം, ലാബൻ, പഴങ്ങൾ, സമൂസകൾ, ബിരിയാണി പാക്കറ്റുകൾ എന്നിവ വിതരണം ചെയ്തു.

ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിലെ തൊഴിൽ കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അഹമ്മദ് ജാഫർ അൽ-ഹയ്കി, തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷണൽ സേഫ്റ്റി എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനി, ഇന്ത്യൻ എംബസിസെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല എന്നിവർ വിതരണോദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, അഡ്വൈസർ അരുൾദാസ് തോമസ്, ട്രഷറർ മണി ലക്ഷ്മണമൂർത്തി, ജോ. സെക്രട്ടറിമാരായ നിഷ രംഗരാജൻ, അനീഷ് ശ്രീധരൻ, ജോ. ട്രഷറർ രാകേഷ് ശർമ, മറ്റു അംഗങ്ങളായ സുൽഫിഖർ അലി, സിറാജ്, ജവാദ് പാഷ, മുരളീകൃഷ്ണ, ശിവകുമാർ, നാസർ മഞ്ചേരി, ക്ലിഫ്ഫോർഡ് കൊറിയ, സുധീർ തിരുനിലത്ത്, സുനിൽ കുമാർ, പവിത്രൻ നീലേശ്വരം, ഹരി, രാജീവൻ, നൗഷാദ്, സെബാർകോ കമ്പനി സൈറ്റ് മാനേജർമാരായ അശ്വിൻ, ദേവാനന്ദ്, സീനിയർ സൂപ്പർവൈസർ മുഹമ്മദ് സലീം, ബൊഹ്റ കമ്യൂണിറ്റി അംഗങ്ങൾ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

ഇത് ഏഴാം വർഷമാണ് ഐസിആർഎഫ് തേസ്റ്റ് ക്വഞ്ചേഴ്സ് ടീം വേനൽക്കാല ബോധവത്കരണ കാമ്പയിൻ നടത്തുന്നത്. കഴിഞ്ഞ 6 വർഷത്തിനിടയിൽ ഈ പരിപാടിയിലൂടെ 13,000 തൊഴിലാളികളിലേക്ക് സഹായം എത്തിച്ചു. ഈ വർഷം 12 പ്രതിവാര പരിപാടികൾ നടത്തുകയും 3700-ലധികം തൊഴിലാളികളിലേക്ക് എത്തിച്ചേരുകയും ചെയ്തു.
