മനാമ: മെയ് 1 മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രവാസി സുരക്ഷാ നിധി കാമ്പയിന് ഉദ്ഘാടനം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാര്‍ നിര്‍വ്വഹിച്ചു. ബഹ്റൈന്‍ ഐ.സി.എഫിന്റെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലെ ശ്രദ്ധേയമായ പദ്ധതിയാണ് പ്രവാസി സുരക്ഷാ നിധി. നിധിയില്‍ അംഗമായിരിക്കേ ഗുരുതര അസുഖങ്ങൾ പിടിപെടുകയോ പെട്ടെന്നുള്ള അപകടങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ നിധിയില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ സഹായ ധനം അനുവദിക്കുന്നു. അംഗങ്ങളില്‍ ആരെങ്കിലും ആത്മഹത്യയിലൂടെയല്ലാതെ മരണമടഞ്ഞാല്‍ അവരുടെ കുടുംബത്തിന് നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വരെയും ധന സഹായം നൽകി വരുന്നു. 2006 ല്‍ തുടക്കം കുറിച്ച് പതിനഞ്ചു വര്‍ഷം പൂര്‍ത്തിയായ ഈ പരസ്പര സഹായ പദ്ധതിയില്‍ നിലവില്‍ ആയിരത്തി അഞ്ചൂറോളം പേർ അംഗങ്ങളായിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷത്തില്‍ മാത്രം പതിമൂന്ന് ലക്ഷത്തോളം രൂപ അംഗങ്ങള്‍ക്ക് വിവിധ ആവശ്യങ്ങൾക്കായി വിതരണം ചെയ്യാൻ സാധിച്ചിട്ടുണ്ട്.
ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ ഐ.സി.എഫ് പ്രവാസത്തിന്റെ അഭയമാകുക എന്ന ലക്ഷ്യം സാക്ഷാല്കരിക്കപ്പെടുകയാണ്. പ്രവാസി സുരക്ഷാ നിധിയെ കുറിച്ച് കൂടുതല്‍ അറിയാനും അംഗത്വമെടുക്കാനും 33733691, 39451495 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.