
മനാമ: ഒരു മാസം നീണ്ടുനിൽക്കുന്ന ശീതകാല തീം ഫെസ്റ്റിവലായ വാദി സ്കേറ്റിന് ഇന്ന് (ഓഗസ്റ്റ് 4) ബഹ്റൈനിൽ തുടക്കമായി. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ (ബിടിഇഎ) സഹകരണത്തോടെ റിഫയിലെ വാദി അൽ സെയിൽ മാളിലാണ് ഫെസ്റ്റിവൽ ആരംഭിച്ചത്. ഞായർ മുതൽ വ്യാഴം വരെ ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെയും വാരാന്ത്യങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ അർദ്ധരാത്രി വരെയും തത്സമയ സംഗീതവും ഭക്ഷണവുമെല്ലാമായി സന്ദർശകർക്ക് ഐസ് സ്കേറ്റിംഗ് ആസ്വദിക്കാം. സെപ്തംബർ 3 വരെ പരിപാടി നീണ്ടുനിൽക്കും.
ചുട്ടുപൊള്ളുന്ന വേനലിൽ നിന്ന് കുടുംബസമേതം ഒരു മികച്ച വിശ്രമം പ്രദാനം ചെയ്യുന്ന മനോഹരമായ ശൈത്യകാല തീം ഫെസ്റ്റിവലാണ് ഐസ് സ്കേറ്റിംഗ് ഫെസ്റ്റിവൽ. ഐസ്-സ്കേറ്റിംഗ് ഷോകൾ, പ്രതിവാര ലൈവ് സംഗീത പ്രകടനങ്ങൾ, ഫുഡ് സ്റ്റാളുകൾ, പോപ്പ്-അപ്പ് മാർക്കറ്റ് എന്നിവയും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. ഐസ് സ്കേറ്റുകൾ ഫെസ്റ്റിവൽ സൈറ്റിൽ ലഭ്യമാകും. കൂടാതെ മാതാപിതാക്കൾക്കും കുട്ടികൾക്കും ഡിസ്നി, മാർവൽ അല്ലെങ്കിൽ പിക്സർ കഥാപാത്രങ്ങളെപ്പോലെ വസ്ത്രം ധരിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
2022-2026 ബഹ്റൈൻ ടൂറിസം സ്ട്രാറ്റജിക്ക് അനുസൃതമായി വിവിധ സ്വകാര്യ ടൂറിസം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിന് സംഭാവന നൽകുന്ന വിവിധ വിനോദസഞ്ചാര, വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നതിനും കൂടുതൽ വിനോദസഞ്ചാരികളെയും സന്ദർശകരെയും ആകർഷിക്കുന്നതിനുമുള്ള ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം പരിപാടികൾ.
Summary: Ice Skating Festival kicks off in Bahrain
