
മനാമ: ഡിപി വേൾഡ് ഐസിസി പുരുഷ ടി20 ലോകകപ്പ് ട്രോഫിക്ക് ഇന്ത്യൻ സ്കൂളിൽ ഉജ്വല സ്വീകരണം. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ആവേശവും പ്രചോദനവും ഇന്ത്യൻ സ്കൂൾ ബഹ്റൈൻ (ഐഎസ്ബി) ക്യാമ്പസിലെ വിദ്യാർത്ഥികളിൽ പകർന്നു നൽകിയായിരുന്നു ഇന്ന് രാവിലെ നടന്ന പര്യടനം.


അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലുമായി (ഐസിസി) സഹകരിച്ച് ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ (ബിസിഎഫ്) സംഘടിപ്പിച്ച ഈ സംരംഭം, അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ആവേശം നാടെങ്ങും അലയടിക്കാനും പുതു തലമുറയിലെ കളിക്കാരെയും ആരാധകരെയും പ്രചോദിപ്പിക്കാനും ലക്ഷ്യമിടുന്നു.



പ്രോജക്ട് ലീഡ് ജോസഫ് മാർട്ടസും ബിസിഎഫ് എക്സിക്യൂട്ടീവുകളും അടങ്ങുന്ന സന്ദർശക സംഘത്തെ സ്കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, സ്കൂൾ അംഗം ബിജു ജോർജ് , പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ സ്വീകരിച്ചു.



ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകരും സ്കൂൾ ടീമിലെ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഇത്തരം ആഗോള കായിക പരിചയം വിദ്യാർത്ഥികൾക്ക് മികച്ച പ്രചോദനം നൽകുന്നുവെന്നും, അച്ചടക്കം, ഒത്തൊരുമ എന്നിവ പ്രോത്സാഹിപ്പിക്കുന്നുവെന്നും, കളിക്കളത്തിലും പുറത്തും യുവ പ്രതിഭകളെ വളർത്തിയെടുക്കുന്നതിനുള്ള സ്കൂളിന്റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നുവെന്നും ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു.


