മനാമ: ഐ.സി.സി പുരുഷ ഏകദിന ലോകകപ്പ് ട്രോഫി ടൂർ- 2023ന്റെ ഭാഗമായി എത്തിച്ച ലോകകപ്പ് ട്രോഫിക്ക് ബഹ്റൈനിൽ ആവേശകരമായ വരവേൽപ്. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ ട്രോഫി അനാച്ഛാദനം ചെയ്തു.
ചടങ്ങിൽ ജനറൽ അതോറിറ്റി ഫോർ സ്പോർട്സ് സിഇഒ ഡോ. അബ്ദുൽറഹ്മാൻ സാദിഖ് അസ്കർ, ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ ഫാരിസ് മുസ്തഫ അൽ കൂഹേജി, ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖ്വാജ എന്നിവർ പങ്കെടുത്തു. ബഹ്റൈൻ ക്രിക്കറ്റ് ബോർഡ് (ബി.സി.എഫ്) ഉപദേശക സമിതി ചെയർമാൻ മുഹമ്മദ് മൻസൂർ, അനൂപ് കേവൽറാം എന്നിവരുടെ നേതൃത്വത്തിൽ വിശിഷ്ട നയതന്ത്രജ്ഞർ, അംബാസഡർമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ദശലക്ഷക്കണക്കിന് വരുന്ന ക്രിക്കറ്റ് ആരാധകർക്ക് രാജ്യത്തെയും ഇവിടത്തെ വിനോദസഞ്ചാര, പൈതൃക, കായിക, ഐതിഹാസിക കെട്ടിടങ്ങളും സ്മാരകങ്ങളും പരിചയപ്പെടുത്താനുള്ള അവസരമാണ് ബഹ്റൈനിലെ കപ്പിന്റെ വരവ് എന്ന് ശൈഖ് ഖാലിദ് ഊന്നിപ്പറഞ്ഞു.
ഒക്ടോബർ അഞ്ചിന് ഇന്ത്യയിൽ ആരംഭിക്കുന്ന ലോകകപ്പിനു മുന്നോടിയായി അഞ്ചു ഭൂഖണ്ഡങ്ങളിലെ 18 രാജ്യങ്ങളിലാണ് ട്രോഫി പ്രയാണം നടക്കുന്നത്. ഇന്ത്യയിൽനിന്ന് യാത്ര ആരംഭിച്ച ട്രോഫി ന്യൂസിലൻഡ്, ആസ്ട്രേലിയ, പാപ്വ- ന്യൂഗിനി, യു.എസ്.എ, വെസ്റ്റിൻഡീസ്, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, കുവൈത്ത് എന്നിവിടങ്ങളിലെത്തിച്ചിരുന്നു.
ബഹ്റൈനിലെ പര്യടനത്തിനുശേഷം ട്രോഫി ഇന്ത്യയിലേക്കും തുടർന്ന് ഫ്രാൻസ്, ഇംഗ്ലണ്ട്, മലേഷ്യ, യുഗാണ്ട, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്കും കൊണ്ടുപോകും.
ഞായറാഴ്ച രാവിലെ ലുലു ദാന മാളിലെത്തിച്ച ട്രോഫി കാണാൻ ആയിരങ്ങളാണ് എത്തിയത്. കായികപ്രേമികൾക്ക് ട്രോഫി അടുത്തുകാണാനും ട്രോഫിയോടൊപ്പം ഫോട്ടോ എടുക്കാനുമുള്ള അവസരമുണ്ടായിരുന്നു. ആരാധകർക്കായി വിവിധ മത്സരങ്ങളും നടന്നു. നൂറുകണക്കിനു കായികപ്രേമികൾ ദാന മാളിലെത്തിയിരുന്നു. ഫോട്ടോയെടുക്കാൻ കുട്ടികളും മുതിർന്നവരുമടക്കം വൻ ജനാവലിയാണ് ക്യൂ നിന്നത്.
ഞായറാഴ്ച വൈകീട്ട് നാലിന് ജുഫൈറിലെ അൽ നജ്മ ക്ലബിൽനിന്ന് പുറപ്പെട്ട റോഡ് ഷോയിൽ നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികൾ പങ്കെടുത്തു. ബാബ് അൽ ബഹ്റൈൻ, ബഹ്റൈൻ ബേയിലൂടെ കടന്നുപോയ റോഡ്ഷോ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ സമാപിച്ചു. അനവധി ബൈക്കുകളുടെയും കാറുകളുടെയും അകമ്പടിയോടെയാണ് റോഡ് ഷോ നടന്നത്.
വൈകീട്ട് ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലെത്തിയ റോഡ് ഷോ ഫോർമുല വൺ സർക്യൂട്ടിൽ പ്രവേശിച്ച് ഒരു ലാപ് പൂർത്തിയാക്കി. ബഹ്റൈന്റെ ലാൻഡ്മാർക്ക് എന്ന് വിശേഷിപ്പിക്കാവുന്ന സാഖിർ ബി.ഐ.സി ടവറിന്റെ പശ്ചാത്തലത്തിലും കായികപ്രേമികൾക്ക് ട്രോഫിയോടൊപ്പം ചിത്രമെടുക്കാനുള്ള അവസരമൊരുക്കിയിരുന്നു.