
വിജയ്യുടെ സിനിമയിൽ നിന്നുള്ള വിരമിക്കലും രാഷ്ട്രീയ പ്രവേശവും രാജ്യമൊട്ടാകെ ചർച്ചയായി മാറിയിരുന്നു. വിജയ്യുടെ കരിയറിലെ അവസാന ചിത്രമെന്ന നിലയിൽ പ്രേക്ഷകരിൽ വൻ ഹൈപ്പ് ഉയർത്തിയ ചിത്രമാണ് ‘ജന നായകൻ’. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കൽ റിലീസായി ജനുവരി 9 ന് തിയറ്ററുകളിലെത്തും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ സെൻസർ ബോർഡുമായുള്ള തർക്കത്തെ തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ചിത്രത്തിലെ രാഷ്ട്രീയ ഉള്ളടക്കത്തിന്റെ പേരിലാണ് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന തരത്തിലും റിപ്പോർട്ടുകൾ വന്നിരുന്നു. ആഗോളതലത്തിൽ 40 കോടിയോളം രൂപയുടെ ഓൺലൈൻ പ്രീ റിലീസ് സെയിൽ നടന്നതിന് ശേഷമാണ് ചിത്രത്തിന്റെ റിലീസ് മുടങ്ങിയത്.
ഇപ്പോഴിതാ ‘ജന നായകൻ’ റിലീസ് ചെയ്യാൻ അനുമതി ലഭിക്കാത്തതിന്റെ പേരിൽ നിർമ്മാതാവ് കഷ്ടപ്പെടുന്നതിൽ തനിക്ക് ദുഃഖമുണ്ടെന്ന് പറയുകയാണ് വിജയ്. എൻഡി ടിവിയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് വിജയ്യുടെ തുറന്നുപറച്ചിൽ. ‘ജന നായകൻ’ റിലീസ് ചെയ്യാൻ അനുമതി ലഭിക്കാത്തതിന്റെ പേരിൽ നിർമ്മാതാവിനുണ്ടായ ബുദ്ധിമുട്ടിൽ തനിക്കേറെ വിഷമമുണ്ടെന്ന് വിജയ് പറഞ്ഞു.
തന്റെ രാഷ്ട്രീയത്തിന് പകരം തന്റെ സിനിമയെ ലക്ഷ്യം വയ്ക്കുമെന്ന കാര്യം താൻ പ്രതീക്ഷിച്ചിരുന്നതായും വിജയ് പറഞ്ഞു. അതിനാൽ താൻ മാനസികമായി തയ്യാറെടുത്തിരുന്നുവെന്നും വിജയ് കൂട്ടിച്ചേർത്തു. അതേസമയം വിജയ്യുടെ അഭിമുഖത്തിന്റെ വിഡിയോ ഇതുവരെ പുറത്തുവന്നിട്ടില്ല.
കെവിഎൻ പ്രൊഡക്ഷൻസ് ആണ് ജന നായകൻ നിർമിക്കുന്നത്. പൂജ ഹെഗ്ഡെ, മമിത ബൈജു, ബോബി ഡിയോൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് ജന നായകൻ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.


