കോഴിക്കോട്∙ ഇസ്രയേൽ – ഹമാസ് സംഘർഷവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ വിശദീകരണവുമായി ശശി തരൂർ എംപി. ഇസ്രയേൽ നടത്തുന്ന ആക്രമണത്തെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താനും കോൺഗ്രസും പലസ്തീനൊപ്പമാണ്. ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്താൻ ചിലർ ശ്രമിച്ചെന്നും തരൂർ കുറ്റപ്പെടുത്തി. യാസർ അറഫാത്തുമായി നേരിൽ കാണാനും സംസാരിക്കാനും പലതവണ അവസരം ലഭിച്ചിട്ടുണ്ട്. ഈ വിഷയത്തിന്റെ ഗൗരവം എനിക്കറിയാം. അതാരും തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും തരൂർ വ്യക്തമാക്കി. കെപിസിസി കോഴിക്കോട്ടു സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിലാണ് തരൂർ നിലപാടിൽ വ്യക്തത വരുത്തിയത്. ഹമാസ് ഭീകരരാണെന്ന് ലീഗിന്റെ പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ തരൂര്‍ പ്രസംഗിച്ചതു വിവാദമായിരുന്നു. ഇന്നത്തെ സമ്മേളനത്തില്‍ അതു സംബന്ധിച്ച് യാതൊരു തരത്തിലുള്ള പരാമര്‍ശവും തരൂര്‍ നടത്തിയില്ല എന്നതും ശ്രദ്ധേയമായി.
‘‘ഒന്നര മാസമായി ഇസ്രയേൽ ഗാസയിൽ ബോംബാക്രമണം നടത്താൻ തുടങ്ങിയിട്ട്. പലസ്തീനിലെ വീടുകൾ, സ്കൂളുകൾ, ആശുപത്രികൾ, അഭയാർഥികൾ താമസിക്കുന്ന ക്യാപുകളിൽ ഉൾപ്പെടെ ബോംബുകൾ വർഷിച്ച് ജനങ്ങളെ കൊന്നിട്ടുണ്ട്. തകർന്നുപോയ സ്ഥലങ്ങളുടെ എണ്ണം പോലും അറിയില്ല. സാറ്റലൈറ്റ് ചിത്രങ്ങളൊക്കെ പരിശോധിക്കുമ്പോൾ, മുൻപു കെട്ടിടങ്ങളിരുന്ന സ്ഥലത്ത് ഇപ്പോൾ വെറും കല്ലും മണ്ണുമാണ്.
‘‘മരിച്ചവരുടെ എണ്ണം വച്ചു നോക്കുമ്പോൾ ഈ അടുത്ത കാലത്തു നടന്ന എല്ലാംകൊണ്ടും മോശമായ, നമ്മെ ദുഃഖിപ്പിക്കുന്ന മൃഗീയമായ ആക്രമണമാണിത്. രണ്ടു വർഷത്തോളമായി നടക്കുന്ന റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ 15,000ത്തോളം പേരെ നഷ്ടമായി. അവരെ കൊന്നുവെന്നാണ് നാം പത്രത്തിൽ വായിക്കുന്നത്. അത് രണ്ടു വർഷത്തെ കണക്കാണ്. ഗാസയിൽ ഇത്രയധികം പേർ മരിച്ചത് വെറും 45 ദിവസത്തെ കണക്കാണ്. മനുഷ്യ ജീവിതത്തെ വെറും കണക്കായി എടുക്കുന്ന കാര്യമല്ല ഞാൻ പറയുന്നത്. നിങ്ങൾ ഈ യുദ്ധത്തിന്റെ തീവ്രത മനസ്സിലാക്കണം.