
പത്തനംതിട്ട: ആരോപണങ്ങൾ തനിക്കെതിരെ ആണെന്ന് കരുതുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. യുവനടി തന്റെ അടുത്ത സുഹൃത്താണെന്നും തന്റെ പേര് ഇതുവരെ പരാതിയായി പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. രാജ്യത്തെ നിയമസംവിധാനത്തിൽ വിശ്വസിക്കുന്നു. ഓഡിയോ സന്ദേശങ്ങള്‍ വ്യാജമായി നിര്‍മിക്കുന്ന കാലമാണ്. പരാതി വന്നാൽ നിയമപരമായി നേരിടുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഹണി ഭാസ്കറുടെ ആരോപണം അവര്‍ തെളിയിക്കട്ടെയെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ആരോപണങ്ങളെല്ലാം നിഷേധിച്ചു കൊണ്ടാണ് രാഹുൽ മാധ്യമങ്ങളോട് സംസാരിച്ചത്. താൻ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെങ്കിൽ പരാതി നൽകട്ടെയെന്നും രാഹുൽ പറഞ്ഞു. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ നടപടി നേരിടാൻ തയ്യാറാണെന്നും രാഹുൽ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിനൊടുവിലാണ് രാഹുൽ മാങ്കൂട്ടത്തിൽ രാജി പ്രഖ്യാപിച്ചത്. തെറ്റ് ചെയ്തത് കൊണ്ടല്ല രാജിയെന്നും പ്രവര്‍ത്തകരുടെ ബുദ്ധിമുട്ട് മാനിച്ചു കൊണ്ടാണെന്നും ആയിരുന്നു രാജി പ്രഖ്യാപനത്തിന് ശേഷമുള്ള രാഹുലിന്റെ പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനത്ത് തുടരും.
