ബെംഗളുരു: മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് സ്വപ്ന സുരേഷ് എം വി ഗോവിന്ദന് മറുപടി നൽകി. ഒരു കോടിയുടെ പത്ത് ശതമാനം കോടതി ഫീസ് കെട്ടി എം വി ഗോവിന്ദൻ കേസിലേക്ക് പോകുമോ എന്നറിയാൻ കാത്തിരിക്കുകയാണ്. വിജേഷ് പിള്ള പറഞ്ഞാണ് എംവി ഗോവിന്ദനെക്കുറിച്ച് അറിഞ്ഞത്. എം വി ഗോവിന്ദൻ ആരാണെന്നോ പാർട്ടി പദവി എന്തെന്നോ അതിനുമുമ്പ് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ സമൂഹത്തിലെ നല്ല പേരിന് കളങ്കമുണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പ്രസ്താവന എന്ന വാദം നിലനിൽക്കില്ല.
വിജേഷ് പിള്ളയെ എംവി ഗോവിന്ദൻ അയച്ചതായി ഫേസ്ബുക്ക് ലൈവിൽ പരാമർശിച്ചിരുന്നില്ല. തന്നെ അയച്ചത് എംവി ഗോവിന്ദനാണെന്ന് വിജേഷ് പിള്ള പറഞ്ഞു എന്നാണ് പറഞ്ഞത്. അതുകൊണ്ട് തന്നെ എംവി ഗോവിന്ദൻ അയച്ച മാനനഷ്ട നോട്ടീസ് അടിസ്ഥാനരഹിതമാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു. നഷ്ടപരിഹാരമായി ഒരു പൈസ പോലും നൽകില്ലെന്ന് വക്കീൽ നോട്ടീസിന് മറുപടിയായി സ്വപ്ന പറഞ്ഞു.