സൂറത്ത് / ന്യൂഡൽഹി: ആരെയും വേദിനിപ്പിക്കാനല്ല പരാമർശം നടത്തിയതെന്നും അഴിമതി തുറന്നുകാട്ടാനാണ് താൻ ശ്രമിച്ചതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കോടതിയെ അറിയിച്ചു. അഴിമതിക്കെതിരെ ശബ്ദമുയർത്താനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ രാഹുൽ പറഞ്ഞു. ‘എല്ലാ കള്ളൻമാർക്കും മോദി എന്ന പേര്’ എന്ന രാഹുലിന്റെ പരാമർശത്തിൽ കോടതി രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. അപ്പീലിന് സമയം അനുവദിച്ച് ഉത്തരവ് മരവിപ്പിച്ച കോടതി രാഹുലിന് ജാമ്യം അനുവദിച്ചു.
അതേസമയം, കോടതി വിധി അപ്രതീക്ഷിതമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രതികരിച്ചു. കേസിൽ തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങൾ അറിയട്ടെ എന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി കോൺഗ്രസിന് തന്നെ തലവേദനയാണെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. അദ്ദേഹത്തിന്റെ മനോഭാവം കാരണം കോൺഗ്രസ് കഷ്ടപ്പെടുകയാണെന്ന് ചില കോൺഗ്രസ് എംപിമാർ തന്നോട് പറഞ്ഞെന്നും റിജിജു പറഞ്ഞു.