
സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം ‘കാന്താ’യെയും ചിത്രത്തിലെ ദുൽഖറിന്റെ പ്രകടനത്തെയും പ്രശംസിച്ച് ചന്തു സലിം കുമാർ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ചന്തു തന്റെ അഭിനന്ദനം അറിയിച്ചത്. ദുൽഖറിനെ നടിപ്പ് ചക്രവർത്തി എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ചന്തു കുറിപ്പ് അവസാനിക്കുന്നത്. അതേസമയം ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായായാണ് കാന്തായിലെ ടികെ മഹാദേവൻ ചർച്ച ചെയ്യപ്പെടുന്നത്.
‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസിലൂടെ ശ്രദ്ധ നേടിയ സെൽവമണി സെൽവരാജിന്റെ ആദ്യ ഫീച്ചര്‍ ചിത്രമാണ് കാന്ത. 1950 കളിലെ തമിഴ് സിനിമാലോകത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടി കെ മഹാദേവന് എന്ന യുവ സൂപ്പര്‍താരമായാണ് ദുല്‍ഖര്‍ വേഷമിട്ടിരിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോൾ പോലീസ് ഓഫീസർ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോർസെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. ഒരു പുതുമുഖ നടിയാണ് ചിത്രത്തില്‍ ഈ കഥാപാത്രം.
ചന്തുവിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:
തിരിച്ചുവരവ് എപ്പോഴും തിരിച്ചടിയേക്കാൾ വലുതാണ്. ഏതാണ് ഒരു മികച്ച തിരക്കഥ. നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ കഥയിൽ വഴിതിരിവുകളുണ്ടാക്കി, നമ്മളെ പിടിച്ചിരുതുന്ന തിരക്കഥകളാണോ, അതോ നമുക്ക് അറിയാവുന്ന കാര്യങ്ങൾ, നമ്മൾ ഒരുപാട് കേട്ടിട്ടുള്ള കാര്യങ്ങൾ ഇവയെല്ലാം അറിഞ്ഞിരുന്നിട്ടു കൂടി നമ്മളെ തീയേറ്ററിൽ പിടിച്ചിരുത്തി ആകാംക്ഷാഭരിതരാക്കുന്ന തിരക്കഥകളാണോ മികച്ചത്. രണ്ടും മികച്ച തിരക്കഥകൾ തന്നെയാണ്. എന്നെ സംബന്ധിച്ച് രണ്ടാമത് പറഞ്ഞ തിരക്കഥയാണ് ഏറ്റവും മികച്ചത്. കാന്ത അത്തരത്തിലൊരു തിരക്കഥയാണ്, അത്തരത്തിലൊരു സിനിമയാണ്.


