കൊച്ചി: ജോര്‍ജ് ഈഡന്റെ മകന് എന്നാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് ഓര്‍ത്ത് വിഷമിക്കേണ്ടെന്ന് എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്. ആര്‍എസ്എസ്-സംഘപരിവാര്‍ വര്‍ഗീയ ശക്തികള്‍ക്കെതിരെ 4000 കിലോമീറ്റര്‍ നടന്ന രാഹുല്‍ ഗാന്ധിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമാണ് രാജ്യത്ത് വര്‍ഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
”പലപ്പോഴും ഭരണഘടനാ വിരുദ്ധമായ നിയമങ്ങള്‍ പാസാക്കുമ്പോഴെല്ലാം വളരെ കൃത്യമായി സംഘപരിവാര്‍-ആര്‍എസ്എസ് ശക്തികള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണെന്ന് അഭിമാനത്തോടുകൂടി പറയുന്ന ഒരാളാണ്.
എ കെ ആന്റണിയുടെ മകന് ബിജെപിയിലേക്ക് പോയി. കരുണാകരന്റെ മകള്‍ ബിജെപിയിലേക്ക് പോയി. ഇനി എപ്പോഴാണ് ജോര്‍ജ് ഈഡന്റെ മകന് ബിജെപിയിലേക്ക് പോകുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം ചോദിക്കുന്നത് കേട്ടു.
ഹൈബി എന്നാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് രാജീവ് കാത്തിരിക്കേണ്ട കാര്യമില്ല. കാരണം എന്റെ അച്ഛന്റെ പേര് ജോര്‍ജ് ഈഡന് എന്നാണെന്ന് ഉറപ്പിച്ചു പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.”
ലാവ്ലിന് കേസ് 38 തവണയാണ് സുപ്രിംകോടതി മാറ്റിവെച്ചത്. മാസപ്പടിക്കേസിലടക്കം മുഖ്യമന്ത്രി ആരോപണവിധേയനായി. മുന്‍ മന്ത്രിമാര്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടന്നു. പക്ഷേ അതിലൊന്നും തുടര്‍നടപടികള്‍ ഉണ്ടാവാത്തതില്‍ സിപിഎം-ബിജെപി അന്തര്‍ധാരയെക്കുറിച്ച് ജനങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ടെന്നും ഹൈബി വ്യക്തമാക്കി.