ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ ദര്ശനത്തിനെത്തുന്നവര്ക്കു ഇനി ഗുരുവായൂര്‍ കേശവന്റെ സാന്നിധ്യവും അടുത്തറിയാനാകും. ഇന്ത്യയില്‍ ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവുംവലിയ ആനപ്രതിമ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചു കഴിഞ്ഞു. കേരളത്തില്‍ കൊല്ലത്തുള്ള പ്രശസ്തനായ എം അഭിലാഷ് ആണു ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈ ഗജരാജന്റെ ശില്പി.
യഥാര്‍ഥ ഗുരുവായൂര്‍ കേശവന്റെ ഉയരം 10.6 അടി ആയിരുന്നു. 12.2 അടി ഉയരവും 15.4 അടി നീളവുമുള്ള ഗുരുവായൂര്‍ കേശവന് എന്ന് നാമകരണം ചെയ്യാനിരിക്കുന്ന ഈ ഗജരാജ ശില്‍പ്പം ഹൂസ്റ്റണിലെ ഗുരുവായൂരപ്പന് സമര്‍പ്പിക്കാന്‍ മുന്‍ കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ്, മുന്‍ ഫൊക്കാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അമേരിക്കയിലെ തന്നെ ബഹുമുഖ വ്യക്തിത്വങ്ങളില്‍ ഒന്നായ ജി.കെ. പിള്ളയാണ് പണികഴിപ്പിച്ചത്.
നവംബര്‍ അവസാനം ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അധികൃതര്‍ പരിശോധിച്ച് സര്‍ട്ടിഫൈ ചെയ്ത ശില്‍പ്പം ജനുവരിയില്‍ തിരുവനന്തപുരത്തു നിന്നും യാത്രതിരിച്ചു കന്യാകുമാരി മുതല്‍ ഗുരുവായൂര്‍ വരെയുള്ള എല്ലാ പ്രധാന ക്ഷേത്രങ്ങളും സന്ദര്‍ശിച്ചു സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഗുരുവായൂരിലെത്തി നെറ്റിപ്പട്ടവും തിടമ്പും ചാര്‍ത്തിയ ശേഷമായിരിക്കും അമേരിക്കയിലേക്ക് യാത്രതിരിക്കുക. മാര്‍ച്ച് മധ്യത്തോടെ ഹൂസ്റ്റണില്‍ എത്തുന്ന കേശവനെ ഗുരുവായൂര്‍ ക്ഷേത്രം അധികാരികള്‍ക്കു കൈമാറും.