
മനാമ: ബഹ്റൈനില്‍ നിര്‍ബന്ധിച്ച് തൊഴില്‍ ചെയ്യിച്ചതും ലൈംഗിക ചൂഷണം നടത്തിയതുമടക്കമുള്ള മനുഷ്യക്കടത്ത് കേസില്‍ പ്രതിയായ ഏഷ്യക്കാരന്റെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ഒക്ടോബര്‍ ഏഴിന് നടക്കും.
മനുഷ്യക്കടത്തിന് ഇരകളായ രണ്ടു വിദേശികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫൊറന്‍സിക്ക് എവിഡന്‍സിലെ ആന്റി ഹ്യൂമന്‍ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഇവരെ ഏഷ്യക്കാരന് നാട്ടില്‍നിന്ന് കൊണ്ടുവന്ന ഉടന്‍ ഇവരുടെ പാസ്പോര്ട്ടുകള് പിടിച്ചുവെച്ചു. കൂടാതെ നിര്‍ബന്ധിച്ചു ജോലി ചെയ്യിച്ചെന്നും ലൈംഗികമായി ചൂഷണം ചെയ്തെന്നും വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവന്നെന്നുമൊക്കെ ഇവര്‍ നല്കിയ പരാതിയില്‍ പറയുന്നു.
പരാതി ലഭിച്ചയുടന്‍ അന്വേഷണമാരംഭിച്ചു. ഇരകളെ കണ്ടെത്തി മൊഴിയെടുക്കുകയും അവരെ മനുഷ്യക്കടത്തിനെതിരായ ദേശീയ കമ്മിറ്റിയുടെ ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിക്കുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് കണ്ടെത്തി. അറസ്റ്റിലായ പ്രതി ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
