
മനാമ: മനുഷ്യക്കടത്തിനെതിരായ പ്രവർത്തനത്തിൽ തുടർച്ചയായ ആറാം വർഷവും ബഹ്റൈന് ഒന്നാം റാങ്ക്. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ 2023ലെ റിപ്പോർട്ടിലാണ് ബഹ്റൈനെ ടയർ 1 പദവിയിൽ ഉൾപ്പെടുത്തിയത്. ടയർ 1 പദവിയിലുള്ള ഏക ജി.സി.സി രാജ്യവും ബഹ്റൈനാണ്. മറ്റ് നാല് ജി.സി.സി രാജ്യങ്ങൾ ടയർ 2ലും കുവൈത്ത് ടയർ 2 വാച്ച് ലിസ്റ്റിലുമാണ്. മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിനുള്ള വിക്ടിംസ് പ്രൊട്ടക്ഷൻ ആക്ടിന്റെ മാനദണ്ഡങ്ങൾ പൂർണമായും ബഹ്റൈൻ പാലിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വാർഷിക റിപ്പോർട്ടിന്റെ 23ാം പതിപ്പിൽ 188 രാജ്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണുള്ളത്.
2022 ഏപ്രിൽ ഒന്നു മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിലെ കണക്കുകളനുസരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, മനുഷ്യക്കടത്ത് വിരുദ്ധ ശ്രമങ്ങൾ ഗൗരവമായി നടപ്പാക്കുന്നതിന് ബഹ്റൈനെ പ്രശംസിച്ചു. തൊഴിൽ കടത്ത് കേസുകൾ അന്വേഷിക്കുകയും നടപടിയെടുക്കുകയും ചെയ്യുന്നതിൽ രാജ്യം ശുഷ്കാന്തി കാണിച്ചിട്ടുണ്ട്. തൊഴിൽ കടത്തുകാരെ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

