
മനാമ: വിദേശ വനിതയെ വീട്ടുജോലിക്ക് കൊണ്ടുവന്ന് ശമ്പളം നല്‍കാതിരിക്കുകയും ഉപദ്രവിക്കുകയും ചെയ്ത കേസില്‍ ബഹ്റൈനി സ്ത്രീയെ ഹൈ ക്രിമിനല്‍ കോടതി കുറ്റവിമുക്തയാക്കി.
നേരത്തെ ലോവര്‍ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചതിനെതിരെ നല്കിയ അപ്പീലിലാണ് ഇവരെ കുറ്റവിമുക്തയാക്കിയത്. വീട്ടുവേലക്കാരിയെ കൊണ്ടുവന്നത് ഇവരുടെ ഭര്‍ത്താവാണെന്നും അതുകൊണ്ടുതന്നെ കുറ്റകൃത്യത്തില്‍ സ്ത്രീക്ക് പങ്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് ഫയലില്‍ ഇവര്‍ക്കെതിരെ കുറ്റങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
വീട്ടുവേലക്കാരി ഒളിച്ചോടി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയെ (എല്‍.എം.ആര്.എ) സമീപിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. വേലക്കാരി ഒളിച്ചോടിയതായി കുറ്റവിമുക്തയാക്കപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവും തൊഴിലുടമയുമായ വ്യക്തി പോലീസ് ഡയറക്ടറേറ്റില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.


