കോഴിക്കോട്: ചില്ലറവിൽപ്പനയ്ക്ക് മീനുമായി വന്ന ഇരുചക്രവാഹനത്തിന്റെ താക്കോൽ പൊലീസ് ഊരിയെടുത്തെന്ന പരാതിയിൽ റൂറൽ പൊലീസ് മേധാവി അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആക്റ്റിങ് ചെയർപേഴ്സൺ കെ. ബൈജുനാഥ് ഉത്തരവിട്ടു. ജൂണിൽ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
നരിക്കുനി ചെങ്കോട്ടുപൊയിലിൽ ചില്ലറവിൽപനയ്ക്ക് 8150 രൂപ വിലയുള്ള മീനുമായി ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ടി.കെ. അപ്പുക്കുട്ടിയുടെ വണ്ടിയുടെ താക്കോൽ കാക്കൂർ പൊലീസ് ഊരി കൊണ്ടുപോയതായാണ് പരാതി. ഹെൽമറ്റ് ഇടാത്തതിനാണ് താക്കോൽ ഊരിയതെന്നും പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് സംഭവം. വെള്ളിയാഴ്ച രാവിലെയും അപ്പുക്കുട്ടിയെ ഹെൽമറ്റ് വയ്ക്കാത്തതിന് 500 രൂപ ശിക്ഷിച്ചിരുന്നു.
രണ്ടു ദിവസമായി ഇരുചക്രവാഹനം നിരത്തുവക്കിൽ ഇരിക്കുകയാണ്. ചീഞ്ഞ മത്സ്യത്തിന്റെ ഗന്ധം കാരണം നാട്ടുകാർക്ക് പൊറുതിമുട്ടി. എന്നാൽ ബൈക്കിന്റെ താക്കോൽ തങ്ങൾ ഊരിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മീൻ വിൽക്കുന്ന സമയത്ത് ഹെൽമറ്റ് വയ്ക്കാനാവില്ലെന്നാണ് അപ്പുക്കുട്ടി പറയുന്നത്. ഹെൽമറ്റ് വയ്ക്കാത്തതിന് നിയമ നടപടി സ്വീകരിക്കണമെന്നും താക്കോൽ ഊരുന്നതല്ല നിയമമെന്നും അപ്പുക്കുട്ടി പറഞ്ഞു. വാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസ് റിജിസ്റ്റർ ചെയ്യുകയായിരുന്നു.