തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിൽ കൂടു വൃത്തിയാക്കുന്നതിനിടയിൽ ഇക്കഴിഞ്ഞ ജൂലൈ 1 ന് പാമ്പുകടിയേറ്റ് മരിച്ച മൃഗശാലാ ജീവനക്കാരനായ എ. ഹർഷാദിന്റെ കുടുംബത്തിന് ലഭിക്കേണ്ട നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും കാലതാമസം കൂടാതെ നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ചീഫ് സെക്രട്ടറിക്കും മ്യൂസിയം – മൃഗശാലാ ഡയറക്ടർക്കുമാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവ് നൽകിയത്. ഹർഷാദിന്റെ മരണത്തിൽ പിതാവായ എം. അബ്ദുൾ സലാം ദുരുഹത സംശയിക്കുന്നതിനാൽ മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത ക്രൈം 859/2021 കേസിൽ പിതാവിന്റെ വാദങ്ങൾ കൂടി പരിശോധിച്ച് അന്തിമ റിപ്പോർട്ട് തയ്യാറാക്കണമെന്ന് കമ്മീഷൻ മ്യൂസിയം പോലീസ്, സ്റ്റേഷൻ ഹuസ് ഓഫീസർക്ക് ഉത്തരവ് നൽകി. എം. അബ്ദുൾ സലാം സമർപ്പിച്ച പരാതിയിലാണ് നടപടി.
രാജവെമ്പാല പോലുള്ള ഉരകങ്ങളുടെ കൂട് വൃത്തിയാക്കുമ്പോൾ ഒന്നിലധികം ജീവനക്കാരെ നിയോഗിക്കണമെന്നും അത് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലായിരിക്കണമെന്നുമുള്ള കേന്ദ്ര മാനദണ്ഡം മൃഗശാലാ അധികൃതർ പാലിച്ചില്ലെന്ന പരാതിക്കാരന്റെ വാദം പരിശോധിക്കപ്പെടണംമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അപകട സമയത്ത് സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടായിരുന്നില്ലെന്ന വാദവും പരിശോധിക്കണം. അപകട സമയത്ത് ഹർഷാദിനെ സഹായിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നതായി മ്യൂസിയം-മൃഗശാലാ ഡയറക്ടർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശമില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ നിയമപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ സർക്കാർ ഉറപ്പാക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
മ്യൂസിയം – മൃഗശാലാ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ ജീവനക്കാരുടെ സംരക്ഷണത്തിനായി എല്ലാ ആധുനിക ഉപകരണങ്ങളും മൃഗശാലയിൽ ലഭ്യമാണെന്ന് പറയുന്നു. പാമ്പിൻ കൂട്ടിൽ ജോലിചെയ്യുന്നതിനുള്ള ഗംബൂട്ടുകൾ, കൈയുറകൾ, പാമ്പുകൾ പിടിക്കാനാവശ്യമായ സ്റ്റിക്കുകൾ, വിവരങ്ങൾ കൈമാറാൻ വാക്കിടോക്കി എന്നിവ വാങ്ങി നൽകിയിട്ടുണ്ട്. മരിച്ച ജീവനക്കാരന് ജോലി സംബന്ധമായ സമ്മർദ്ദങ്ങളുണ്ടായിരുന്നുവെന്ന പിതാവിന്റെ വാദം മ്യൂസിയം ഡയറക്ടർ തള്ളി.