തിരുവനന്തപുരം: ദേശീയ പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ നമ്പരിനായി അപേക്ഷ നൽകി 6 വർഷം കഴിഞ്ഞിട്ടും നമ്പർ നൽകാതെ ജീവനക്കാരന് സാമ്പത്തിക നഷ്ടം വരുത്തിയ കെ എസ് ആർ റ്റി സി ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്.
കെ എസ് ആർ റ്റി സി ജീവനക്കാരനിൽ നിന്നും ഈടാക്കിയ ദേശീയ പങ്കാളിത്ത പദ്ധതി പ്രകാരമുള്ള മാസവിഹിതവും ജീവനക്കാരന്റെ പെൻഷൻ അക്കൗണ്ടിലേക്ക് കോർപ്പറേഷൻ അടയ്ക്കേണ്ട വിഹിതവും 2 മാസത്തിനുള്ളിൽ നൽകണമെന്നും കമ്മീഷൻ ഉത്തരവ് നൽകി. ഗതാഗത വകുപ്പ് സെക്രട്ടറിക്കും കെ എസ് ആർ റ്റി സി മാനേജിംഗ് ഡയറക്ടർക്കുമാണ് ഉത്തരവ് നൽകിയത്. കെ എസ് ആർ റ്റി സി അധികൃതരുടെ അലംഭാവവും കൃത്യ വിലോപവും കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നും കമ്മീഷൻ നിരീക്ഷിച്ചു.
5 വർഷത്തെ കെ എസ് ആർ റ്റി സി സർവീസിന് ശേഷം 2018 സെപ്റ്റംബർ 28 ന് ഇറിഗേഷൻ വകുപ്പിൽ ജോലി കിട്ടിയ ചുള്ളിമാനൂർ സ്വദേശി എസ് ബാബുരാജ് സമർപ്പിച്ച പരാതിയിലാണ് നടപടി.
കെ എസ് ആർ റ്റി സി കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. ദേശീയ പങ്കാളിത്ത പെൻഷൻ നമ്പരിനായി പരാതിക്കാരൻ നൽകിയ അപേക്ഷ ബന്ധപ്പെട്ട ഏജൻസിക്ക് 2015 ഡിസംബർ 14 ന് തന്നെ കൈമാറിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. നമ്പർ ലഭിക്കുന്നതിനു മുമ്പ് തന്നെ പരാതിക്കാരനിൽ നിന്നും മാസവിഹിതം സ്വീകരിച്ചു തുടങ്ങി. നമ്പർ ലഭിക്കാത്തതിനാൽ കോർപ്പറേഷന്റെ വിഹിതം അടയ്ക്കാൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരനിൽ നിന്നും ഈടാക്കിയ 97961 രൂപ തിരികെ നൽകാമെന്നും കോർപ്പറേഷൻ സമ്മതിച്ചു.
കോർപ്പറേഷന്റെ കെട്ടുകാര്യസ്ഥത കാരണം തനിക്ക് ലഭിക്കേണ്ട സർക്കാർ വിഹിതം നഷ്ടമായെന്ന് പരാതിക്കാരൻ അറിയിച്ചു. നമ്പർ അനുവദിക്കുന്നതിനുള്ള അപേക്ഷ ഏജൻസിക്ക് കൈമാറിയെന്നല്ലാതെ എന്തു കൊണ്ടാണ് നമ്പർ കിട്ടാത്തതെന്ന് കോർപ്പറേഷൻ വ്യക്തമാക്കിയിട്ടില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
ധനവകുപ്പ് ഉത്തരവ് പ്രകാരം (135/2014/ഫിൻ) ജീവനക്കാരൻ ഒടുക്കേണ്ട വിഹിതമായ തുക ഒടുക്കാൻ നിയമപരമായ ബാധ്യതയുള്ള സ്ഥാപനമാണ് കെ എസ് ആർ റ്റി സി യെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇതിന്റെ ഗുരുതരമായ ലംഘനമാണ് കെ എസ് ആർ റ്റി സി നടത്തിയിട്ടുള്ളതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
