തിരുവനന്തപുരം : കേരള ആരോഗ്യ സർവകലാരാല ജൂൺ 21 മുതൽ നടത്തുന്ന രണ്ടാം വർഷ ആയുർവേദ മെഡിക്കൽ പരീക്ഷ എഴുതാൻ തിരുവനന്തപുരം ആയുർവേദ കോളേജിലെ എല്ലാ മൂന്നാം വർഷ വിദ്യാർത്ഥികൾക്കും അവസരം നൽകണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം അടിയന്തിരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, തിരുവനന്തപുരം ആയുർവേദ കോളേജ് പ്രിൻസിപ്പൽ എന്നിവർ ഇക്കാര്യം പരിശോധിച്ച് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
സൂപ്പർ ഫൈനായി 5515 രൂപ ഈടാക്കുന്നതിനെ കുറിച്ചും തിരുവനന്തപുരം ആയുർവേദ കോളേജ് നടത്തിയ ഇൻേറണൽ പരീക്ഷയിൽ കൂട്ടത്തോൽവി സംഭവിച്ചതിനെ കുറിച്ചുമുള്ള വിശദീകരണം റിപ്പോർട്ടിലുണ്ടാവണം. മൂന്നാം വർഷ ആയുർവേദ മെഡിക്കൽ വിദ്യാർത്ഥികൾ സമർപ്പിച്ച പരാതിയിലാണ് നടപടി.
ത്യപ്പൂണിത്തുറ, കണ്ണൂർ ആയുർവേദ മെഡിക്കൽ കോളേജുകളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും സർവകലാശാല പരീക്ഷ എഴുതാൻ അവസരം നൽകിയതായി പരാതിയിൽ പറയുന്നു. എന്നാൽ തിരുവനന്തപുരം ആയുർവേദ കോളേജിൽ മോഡൽ പരീക്ഷ തോറ്റതിൻ്റെ പേരിൽ സർവകലാശാലാ പരീക്ഷ എഴുതുന്നതിൽ നിന്ന് കുട്ടികളെ വിലക്കിയതായി പരാതിയിൽ പറയുന്നു. കോവിഡ് കാരണം ഇവർക്ക് കൃത്യമായി ക്ലാസുകൾ ലഭിച്ചിരുന്നില്ല.
