മനാമ: ഇന്ത്യൻ സ്കൂൾ മെഗാ ഫെയറിന്റെ രണ്ടാം ദിനം ആസ്വദിക്കാൻ വ്യഴാഴ്ച വൈകീട്ട് വൻ ജനാവലി ഇസ ടൗൺ കാമ്പസിലേക്ക് ഒഴുകിയെത്തി. കോവിഡ് സൃഷ്ടിച്ച മൂന്നു വർഷത്തെ ഇടവേളക്കു ശേഷമാണ് ഇന്ത്യൻ സ്കൂളിൽ മെഗാഫെയർ നടക്കുന്നത്. അതുകൊണ്ടു തന്നെ അഭൂത പൂർവമായ ജനാവലിയാണ് ഇന്ത്യൻ സ്കൂളിൽ എത്തിയത്. ആവേശം അലതല്ലിയ അന്തരീക്ഷത്തിൽ ഇന്ത്യൻ അമ്പാസഡർ പിയുഷ് ശ്രീവാസ്തവ മെഗാഫെയർ ഫുഡ് ഫെസ്റ്റിവൽ നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി കുമാർ ജെയിൻ, യൂസഫ് യാക്കൂബ് ലോറി(ഡയറക്ടർ ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്), സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രേമലത എൻ.എസ്, ബിനു മണ്ണിൽ വറുഗീസ്, രാജേഷ് എം.എൻ, അജയകൃഷ്ണൻ വി, മുഹമ്മദ് ഖുർഷീദ് ആലം, മുഹമ്മദ് നയസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി,റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, ഫെയർ ജനറൽ കൺവീനർ ഷാനവാസ് പി.കെ, വൈസ് പ്രിൻസിപ്പൽമാർ, ഫെയർ കമ്മിറ്റി ഭാരവാഹികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
ബാൻഡ് മേളത്തോടെ മെഗാ ഫെയർ വേദിയിലേക്ക് ഇന്ത്യൻ അമ്പാസഡറെയും മറ്റു വിശിഷ്ടാതിഥികളെയും ആനയിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു. പ്രിൻസ് എസ് നടരാജൻ അധ്യക്ഷത വഹിച്ചു. മെഗാ ഫെയർ വൻ വിജയമാക്കുന്നതിന് പങ്കുവഹിച്ച അധ്യാപകർ, രക്ഷിതാക്കൾ,വിദ്യാർഥികൾ,സംഘാടക സമിതി അംഗങ്ങൾ,മാധ്യമ പ്രവർത്തകർ, മറ്റു അഭ്യുദയകാംക്ഷികൾ എന്നിവക്ക് പ്രിൻസ് നടരാജൻ നന്ദി പറഞ്ഞു. ഇന്ത്യൻ സ്കൂൾ ഓരോ വർഷവും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ആയിരത്തോളം വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ് നൽകുന്നുണ്ട്. ഈ ആവശ്യത്തിലേക്ക് ധനസമാഹരണാര്ഥം നടത്തുന്ന മെഗാ ഫെയറിന് വൻ ജനപിന്തുണയാണ് ലഭിക്കുന്നതെന്ന് പ്രിൻസ് നടരാജൻ പറഞ്ഞു.
ഉദ്ഘാടനപ്രസംഗത്തിൽ, ഇന്ത്യൻ അമ്പാസഡർ പിയൂഷ് ശ്രീവാസ്തവ ഇന്ത്യൻ സ്കൂളിന്റെ അക്കാദമിക മികവിനെയും ആസൂത്രണ പാടവത്തെയും അധ്യാപകരുടെ അർപ്പണബോധത്തെയും അഭിനന്ദിച്ചു . ഇന്ത്യയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്ക് ലാഭേച്ഛയില്ലാതെ മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യാൻ ഇന്ത്യൻ സ്കൂളിന് സാധിക്കുന്നുവെന്ന് ഇന്ത്യൻ അംബാസഡർ പറഞ്ഞു.
പ്രിൻസ് നടരാജൻ അമ്പാസഡർക്ക് മൊമെന്റോ സമ്മാനിച്ചു. തുടർന്ന് സിദ്ധാർഥ് മേനോനും മൃദുല വാര്യരും സംഘവും സംഗീത പരിപാടി അവതരിപ്പിച്ചു. സച്ചിൻ വാര്യർ,ആവണി,വിഷ്ണു ശിവ,അബ്ദുൽ സമദ് എന്നീ ഗായകരും അരങ്ങിലെത്തിയിരുന്നു. ലോക പര്യടനത്തിന്റെ ഭാഗമായി സൈക്കിളിൽ ലണ്ടനിലേക്ക് യാത്ര നടത്തുന്ന ഫയാസ് അഷ്റഫ് അലി മെഗാ ഫെയർ വേദിയിലെത്തി കാണികളെ അഭിവാദ്യം ചെയ്തു.
പ്ലെഷർ റൈഡേഴ്സ് ബഹ്റൈൻ അംഗങ്ങളും ബൈക്കുകളുമായി വേദിയിലെത്തി മെഗാ ഫെയറിന് അഭിവാദ്യം അർപ്പിച്ചു. ഇന്ന് (വെള്ളിയാഴ്ച) മേളയുടെ സമാപന ദിനത്തിൽ ബോളിവുഡ് ഗായിക ഭൂമി ത്രിവേദിയും സംഘവും നയിക്കുന്ന സംഗീത നിശ അരങ്ങേറും. ഫെയർ ടിക്കറ്റുകൾ സ്കൂളിൽ ലഭ്യമായിരിക്കും. സയാനി മോട്ടോഴ്സ് അവതരിപ്പിക്കുന്ന ഇന്ത്യൻ സ്കൂൾ മെഗാ മേളയുടെയും ഫുഡ് ഫെസ്റ്റിവലിന്റെയും ഇവന്റ്സ് പാർട്ണർ സ്റ്റാർ വിഷനാണ്.
ചുരുങ്ങിയ സമയത്തിനുള്ളിൽ ജനപങ്കാളിത്തത്തോടെ മികച്ച രീതിയിൽ സ്കൂൾ മേള സംഘടിപ്പിക്കാൻ സാധിച്ചുവെന്നത് അഭിമാനകരമാണെന്ന് ഇന്ത്യൻ സ്കൂൾ ഭാരവാഹികൾ പറഞ്ഞു.