
മനാമ: ഫ്രന്റ്സ് സ്റ്റഡി സർക്കിൾ മനാമ ഏരിയ വനിതാ വിഭാഗം ഹുബ്ബുറസൂൽ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ഏരിയ ഓർഗനൈസർ ഫസീല ഹാരിസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പണ്ഡിതനും പ്രഭാഷകനുമായ ജാസിർ പി.പി മുഖ്യ പ്രഭാഷണം നടത്തി. മുഴുവൻ മനുഷ്യരെയും സ്നേഹിക്കാൻ പഠിപ്പിച്ച പ്രവാചകനാണ് മുഹമ്മദ് നബി എന്ന് അദ്ദേഹം പറഞ്ഞു. മുഹമ്മദ് നബിയുടെ ജീവിതം മുഴുവൻ മനുഷ്യർക്കും മാതൃകയാണ്. ഒരു പോരായ്മയും ചൂണ്ടിക്കാണിക്കാൻ ഇല്ലാത്ത വിധം നിഷ്കളങ്കമായിരുന്നു ആ ജീവിതം. പ്രവാചകൻ കാണിച്ചു തന്ന വഴിയിലൂടെയാണ് മനുഷ്യർ സൃഷ്ടാവിനെ സ്നേഹിക്കേണ്ടത്. വീടകങ്ങളിൽ കുട്ടികൾക്ക് പ്രവാചക കഥകൾ പറഞ്ഞുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാചക ചരിത്രം ആസ്പദമാക്കി നടന്ന ക്വിസ് മത്സരത്തിൽ നിരവധി സ്ത്രീകൾ പങ്കെടുത്തു. സകിയ സമീർ ഖുർആനിൽ നിന്നും അവതരിപ്പിച്ചു. ഏരിയ കൺവീനർ മെഹറ മൊയ്തീൻ സ്വാഗതവും സെക്രട്ടറി സൽമ സജീബ് നന്ദിയും പറഞ്ഞു. ഷഹീന നൗമൽ പരിപാടി നിയന്ത്രിച്ചു.
