
മനാമ: ബഹ്റൈൻ ദേശീയ അസംബ്ലി സമുച്ചയത്തിന്റെ ശിലാസ്ഥാപനം അൽ ഫത്തേഹ് ഡിസ്ടിക്റ്റിൽ ഡെപ്യൂട്ടി കിംഗ് ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നിർവഹിച്ചു. തുടർന്ന് ദേശീയ അസംബ്ലി സമുച്ചയ നിർമ്മാണത്തിന്റെ തുടക്കം കുറിക്കുന്ന ഒരു സുവനീർ സ്വീകരിക്കുകയും ചെയ്തു. ജനാധിപത്യ ഭരണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇത് ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഹരിത കെട്ടിട മാനദണ്ഡങ്ങളും ബഹ്റൈൻ പൈതൃകവും പിന്തുടരുന്ന, ബഹ്റൈന്റെ ജനാധിപത്യ ഭരണത്തെയും പരമ്പരാഗത ബഹ്റൈൻ സംസ്കാരത്തെയും സൂചിപ്പിക്കുന്ന ഒരു അതുല്യമായ നാഴികക്കല്ല് സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് രാജ്യം. രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ചടങ്ങ് നടന്നത്.
ബഹ്റൈനിന്റെ ദേശീയ അസംബ്ലി സമുച്ചയം 19,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ളതാണ്. ഏകദേശം 500 പേർക്ക് ഇരിക്കാവുന്ന നാഷണൽ കൗൺസിൽ ഹാൾ, 40 പേർക്ക് ഇരിക്കാവുന്ന ശൂറ, റെപ്രസെന്റേറ്റീവ് കൗൺസിലുകൾക്കുള്ള ഹാൾ, മൾട്ടി പർപ്പസ് ഹാൾ എന്നിവ ഉൾപ്പെടുന്നതാണ് ആദ്യഘട്ട നിർമാണം. സേവന കെട്ടിടങ്ങൾ, ലൈബ്രറി, ജനാധിപത്യ ഭരണത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്ന മ്യൂസിയം, മീഡിയ സെന്റർ, വിവിധ സേവന സൗകര്യങ്ങൾ, ഉദ്ഘാടന ചടങ്ങുകൾക്കായി ഗാലറിയാൽ ചുറ്റപ്പെട്ട ഒരു ഔട്ട്ഡോർ യാർഡ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.
കെട്ടിടത്തിന്റെ രൂപകൽപ്പനയിൽ ബഹ്റൈനിന്റെ വാസ്തുവിദ്യാ പൈതൃകത്തിന്റെ ഘടകങ്ങൾ ഉൾക്കൊള്ളുന്നു. കൗൺസിൽ കെട്ടിടത്തിലേക്കുള്ള പ്രധാന കവാടത്തിന് ഈന്തപ്പനയോലകൾ പോലുള്ള ഘടകങ്ങൾ ഉൾക്കൊള്ളുന്ന വ്യതിരിക്തമായ രൂപകൽപ്പന ഉണ്ടായിരിക്കും. സുസ്ഥിരമായ നിർമ്മാണ രീതികൾ ആയിരിക്കും ഉപയോഗിക്കുക. പൂർത്തിയാക്കിയ കെട്ടിടം ഊർജ്ജ കാര്യക്ഷമമാക്കും. നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
