മനാമ: ബഹ്റൈനിലെ മികച്ച മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ പ്രൈം മിനിസ്റ്റേഴ്സ് അവാർഡ് വിതരണം ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ അവാർഡ് ജേതാക്കൾ പുരസ്കാരം ഏറ്റുവാങ്ങി. ഡെപ്യൂട്ടി കിംഗ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ആറാമത് ജേണലിസം അവാർഡ് ദാന ചടങ്ങ് നടന്നത്.
ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ സമഗ്ര വികസനം വർദ്ധിപ്പിക്കുന്നതിൽ ദേശീയ മാധ്യമങ്ങളുടെ പ്രധാന പങ്ക് പ്രിൻസ് സൽമാൻ എടുത്തുപറഞ്ഞു. ദേശീയ വിഷയങ്ങളെക്കുറിച്ചും വികസന പദ്ധതികളെക്കുറിച്ചും അവബോധം വളർത്തിക്കൊണ്ട് പുരോഗതിയെയും വികസനത്തെയും പിന്തുണയ്ക്കുന്ന സ്വതന്ത്രവും കൃത്യവും ഉത്തരവാദിത്തമുള്ളതുമായ പത്രപ്രവർത്തനം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി.
മികച്ച കോളത്തിനുള്ള പുരസ്കാരം അൽ ബിലാദ് പത്രത്തിലെ യസ്മീൻ ഖലഫിനും അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിനുള്ള പുരസ്കാരം അൽ ബിലാദിലെ അലാവി അൽസഈദ് അദ്നാൻ അൽ മൂസാവിക്കും മികച്ച അഭിമുഖത്തിനുള്ള പുരസ്കാരം അൽഅയാം പത്രത്തിലെ സാറ നജീബ്, ഹുസൈൻ സാബ്ത് എന്നിവർക്കും മികച്ച ഫോട്ടോഗ്രഫി പുരസ്കാരം അക്ബാർ അൽ ഖലീജ് പത്രത്തിലെ അബ്ദുൽ അമീർ അൽ സുൽത്താനക്കും ലഭിച്ചു.