മനാമ: കായികപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ്പ്രീ മത്സരങ്ങൾക്ക് വെള്ളിയാഴ്ച ട്രാക്കുണർന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഫോർമുല വൺ ഗ്രാൻഡ് പ്രിയുടെ ആദ്യ ദിനം ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ട് (ബിഐസി) സന്ദർശിച്ചു. പാഡോക്ക്, ട്രാക്ക് ഏരിയ എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. അദ്ദേഹം മുതിർന്ന ഫോർമുല 1 വ്യക്തികൾ, ടീം മാനേജർമാർ, റേസർമാർ, റേസ് സംഘാടകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
രാജ്യത്തിന്റെ ദേശീയ തൊഴിലാളി സേനയുടെ പ്രയത്നങ്ങൾക്കും വിവിധ കായിക ഇനങ്ങളുടെ ഓർഗനൈസേഷനിൽ അവരുടെ സമർപ്പണത്തിനും സംഭാവനകൾക്കും അദ്ദേഹം നന്ദിയും അഭിനന്ദനവും അറിയിച്ചു. മോട്ടോർസ്പോർട്ട് ഇവന്റുകളുടെ ആഗോള ലക്ഷ്യസ്ഥാനമായി രാജ്യം മാറിയെന്ന് അദ്ദേഹം പറഞ്ഞു.