മനാമ: അന്താരാഷ്ട്ര ജ്വല്ലറി പ്രദർശനമായ ജ്വല്ലറി അറേബ്യയ്ക്ക് സഖീറിലെ എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ തുടക്കമായി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രദർശനം ഉത്ഘാടനം ചെയ്തു. 30 രാജ്യങ്ങളിൽ നിന്നുള്ള 650ഓളം പ്രമുഖ ജ്വല്ലറി ബ്രാൻഡുകൾ അവരുടെ ഉത്പന്നങ്ങളുമായി പ്രദർശനത്തിനുണ്ട്. ജ്വല്ലറി അറേബ്യയുടെ 31ാമത് എഡീഷനാണ് ഈ വർഷം നടക്കുന്നത്.
ലോകമെമ്പാടുമുള്ള ആഭരണങ്ങൾ, ആഡംബര വാച്ചുകൾ, വിലയേറിയ രത്നങ്ങൾ, ടൈംപീസുകൾ, ക്ലോക്കുകൾ, വിലയേറിയ പേനകൾ, ആഡംബര ആക്സസറികൾ എന്നിവയുടെ ഒരു വലിയ ശേഖരം ജ്വല്ലറി അറേബ്യയിൽ പ്രദർശിപ്പിക്കും. കൂടാതെ പ്രദർശനത്തിൽ നിരവധി പുതിയ ബ്രാൻഡുകളും പങ്കെടുക്കുന്നു. 3,5, 6, 7, 8 എന്നിങ്ങനെ അഞ്ച് ഹാളുകളിലായാണ് ഈ വർഷത്തെ പ്രദർശനം നടക്കുന്നത്. പ്രദർശനം നിരവധി പരിപാടികളും വൈവിധ്യമാർന്ന നൂതന വർക്ക് ഷോപ്പുകളും ഒരുക്കിയിട്ടുണ്ട്.
ജ്വല്ലറി അറേബ്യ 2023-നോടനുബന്ധിച്ച് സെന്റ് അറേബ്യ 2023 പ്രദർശനവും നടക്കും. ലിമിറ്റഡ് എഡിഷൻ പെർഫ്യൂമുകൾ, ഊദ്, സുഗന്ധദ്രവ്യങ്ങൾ, മെഴുകുതിരികൾ എന്നിവയുടെ ഒരു വലിയ ശേഖരമാണ് സെന്റ് അറേബ്യയിൽ ഒരുക്കിയിട്ടുള്ളത്. ഇത് രാജ്യത്തെ ആദ്യത്തെ ആഡംബര പെർഫ്യൂം പ്രദർശനമാണ്.
രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി സ്വർണ ,വജ്ര വ്യാപാരികളുടേയും ആഡംബര പ്രേമികളുടേയും മറ്റു സന്ദർശകരുടെയും ഒഴുക്ക് തന്നെയുണ്ടാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ വാണിജ്യമേഖലയ്ക്ക് വലിയ തോതിൽ ഉണർവ് ഉണ്ടാക്കാൻ ജ്വല്ലറി അറേബ്യയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. നവംബർ 18 ന് പ്രദർശനം സമാപിക്കും.